print edition തീരം തൊട്ടു പോർച്ചുഗീസ് കപ്പൽ

ക്രിസ്‌റ്റ്യാനോ റൊണാൾഡോ | PHOTO: X/FIFAcom
ടൊറന്റോ: കൊടുങ്കാറ്റിൽ ആടിയുലഞ്ഞെങ്കിലും പോർച്ചുഗീസ് കപ്പൽ ഒടുവിൽ തീരംതൊട്ടു. കപ്പിത്താൻ ക്രിസ്‌റ്റ്യാനോ റൊണാൾഡോ നിധി തേടി ഇനിയും സമുദ്രങ്ങൾ താണ്ടും. ലൂക്കാ മോഡ്രിച്ചിന്റെ ക്രൊയേഷ്യക്ക് ഇനിയൊരു പുലരിയില്ല. ക്രോട്ടുകാരുടെ പ്രിയപുത്രൻ മോഡ്രിച്ചിന് വേദിയുമില്ല.
ലോകകപ്പ് -ഫുട്‌ബോളിലെ അത്യന്തം വാശിയേറിയ പോരാട്ടത്തിൽ 2–1നാണ് പോർച്ചുഗൽ നോക്കൗട്ട് ഘട്ടം കടന്നത്. ഇവാൻ പെരിസിച്ചിന്റെ ഗോളിൽ ലീഡ് നേടിയ ക്രൊയേഷ്യയെ റൊണാൾഡോ പെനൽറ്റി ഗോൾ കൊണ്ട് തളച്ചു. പകരക്കാരനായെത്തിയ ഗൊൺസാലോ റാമോസ് പരിക്കുസമയത്തെ ഹെഡറിൽ പോർച്ചുഗലിന്റെ ജയവുമുറപ്പാക്കി. പ്രീ ക്വാർട്ടറിൽ സ്‌പെയ്‌നാണ് എതിരാളി.
ടൊറന്റോയിലെ കനത്ത ചൂട് മൈതാനത്തും തീ പടർത്തി. ചലനമറ്റ ആദ്യപകുതിക്കുശേഷമായിരുന്നു മത്സരം സംഭവബഹുലമായത്. അധികസമയത്തേക്ക് നീങ്ങാൻ നിമിഷങ്ങൾ ശേഷിക്കെ റാമോസ് പോർച്ചുഗലിനെ മുന്നിലെത്തിച്ചെങ്കിലും ക്രൊയേഷ്യ വിട്ടുനൽകിയില്ല. അവസാന നിമിഷം ജോസ്‌കോ ഗ്വാർഡിയോൾ ലക്ഷ്യം കണ്ടതോടെ ഒപ്പമെത്തിയെന്ന് ക്രൊയേഷ്യ ആഘോഷിച്ചു. പരിക്കുസമയത്തിന്റെ പതിമൂന്നാം മിനിറ്റിലായിരുന്നു സംഭവം. ബോക്‌സിലേക്കുള്ള ക്രോസിനുശേഷമുള്ള കൂട്ടപ്പൊരിച്ചിലിൽ ഗ്വാർഡിയോൾ വലകുലുക്കി. പക്ഷേ, ‘വാർ’ പരിശോധനയിൽ ഓഫ് സൈഡായതിനാൽ റദ്ദാക്കുകയായിരുന്നു. ക്രോസ് ക്രൊയേഷ്യൻ താരം ഇഗോർ മറ്റാനോവിച്ചിന്റെ തലയിൽ ചെറുതായി സ്‌പർശിച്ചശേഷമാണ് മരിയോ പസാലിച്ചിലെത്തിയത്. പസാലിച്ച് ഗ്വാർഡിയോളിന് നൽകി. എന്നാൽ മറ്റാനോവിച്ചിന്റെ തലയിൽ പന്ത് തൊടുന്പോൾ പസാലിച്ച് ഓഫ് സൈഡായിരുന്നു.
ആദ്യപകുതിയിൽ പോർച്ചുഗലിനായിരുന്നു മുൻതൂക്കം. പക്ഷേ, അവസരങ്ങൾ ലക്ഷ്യത്തിലെത്തിക്കാനായില്ല. ഇടവേളയ്‌ക്കുശേഷം ക്രൊയേഷ്യ കളിപിടിച്ചു. 53–ാം മിനിറ്റിൽ ഇവാൻ പെരിസിച്ച് പന്ത് പോർച്ചുഗൽ വലയിലാക്കി. പകരക്കാരനായെത്തിയ മറ്റാനോവിച്ച് വല കുലുക്കിയെങ്കിലും ഓഫ് സൈഡായി. പിന്നാലെ പോർച്ചുഗലിന്റെ മറുപടി. റാഫേൽ ലിയാവോയുടെ ഷോട്ട് ക്രോസ് ബാറിൽ തട്ടിത്തെറിച്ചു. റൊണാൾഡോ മനോഹരമായി ലക്ഷ്യം കണ്ടു. പക്ഷേ, നേരിയ വ്യത്യാസത്തിൽ വീണ്ടും ഓഫ് സൈഡ്. ഇതിനിടെ ബ്രൂണോ ഫെ-ർണാണ്ടസ്, വിറ്റീന്യ ഉൾപ്പെടെയുള്ള താരങ്ങളെ പോർച്ചുഗൽ കോച്ച് റോബർട്ടോ മാർട്ടിനെസ് തിരികെവിളിച്ചു. യുവതാരങ്ങളെ ഇറക്കി. ഗോൾകീപ്പർ ദ്യോഗോ കോസ്‌റ്റ ക്രൊയേഷ്യൻ ആക്രമണങ്ങളെ ചെറുത്തുനിന്നു.
തോൽവി ഭീതിക്കിടെയാണ് റൊണാൾഡോ രക്ഷകനാകുന്നത്. കോർണർ കിക്കിനിടെ റെനാറ്റോ വെയ്‌ഗയെ ക്രൊയേഷ്യൻ താരം നിക്കോളാ വ്‌ളാസിച്ച് വലിച്ചിട്ടതിന് പെനൽറ്റി. പോർച്ചുഗൽ പ്രതീക്ഷകളുടെ മുഴുവൻ ഭാരവുമായി റൊണാൾഡോ നിന്നു. എന്നാൽ ഒരു സമ്മർദവുമില്ലാതെ നാൽപ്പത്തൊന്നുകാരൻ പന്ത് വലയിലേക്ക് തൊടുത്തു.
പിന്നാലെ റൊണാൾഡോയെയും കോച്ച് പിൻവലിച്ചു. ഇതിനിടെ മറ്റിയോ കൊവാസിച്ചിന്റെ അടി കോസ്‌റ്റ തടഞ്ഞു. മറ്റാനോവിച്ച് മുന്നിൽ കിട്ടിയ അവസരം പാഴാക്കി. പീറ്റർ സുസിച്ച് ലക്ഷ്യം കണ്ടെങ്കിലും വീണ്ടും ഓഫ് സൈഡായി. അധികസമയത്തേക്ക് കളി നീട്ടാമെന്ന ക്രൊയേഷ്യയുടെ പ്രതീക്ഷയ്‌ക്ക് മുകളിലാണ് റാമോസിന്റെ ഹെഡർ പതിച്ചത്.
നോക്കൗട്ടിലെ ആദ്യ ഗോൾ
ന്യൂയോർക്ക്: ലോകകപ്പിൽ ആദ്യ നോക്കൗട്ട് ഗോൾ നേടി പോർച്ചുഗൽ ക്യാപ്‌റ്റൻ ക്രിസ്റ്റ്യാനോ റൊണാൾഡോ. 2006 മുതൽ ലോകകപ്പ് കളിക്കുന്നുണ്ടെങ്കിലും നോക്കൗട്ട് മത്സരത്തിൽ ഗോളടിച്ചിരുന്നില്ല. ക്രൊയേഷ്യയ്‌ക്കെതിരായ റൗണ്ട് ഓഫ് 32 മത്സരത്തിൽ പെനൽറ്റിയിലൂടെയാണ് റൊണാൾഡോ സ്‌കോർ ചെയ്‌തത്.
നോക്കൗട്ടിൽ ഗോളടിച്ച ഏറ്റവും പ്രായം കൂടിയ താരമാണ് നാൽപ്പത്തൊന്നുകാരൻ. ലോകകപ്പിലാകെ 11 ഗോളായി. 2006ൽ സെമിവരെ മുന്നേറിയ പോർച്ചുഗൽ കഴിഞ്ഞ തവണ ക്വാർട്ടറിലെത്തി.










0 comments