ad
Deshabhimani

print edition ഫണ്ട്‌ അനുവദിക്കുന്നില്ല: അങ്കണവാടി ക്ഷേമനിധി പെൻഷൻ മുടങ്ങി

anganwadi kerala
avatar
കെ വി ശ്രുതി

Published on Jul 04, 2026, 03:15 AM | 1 min read

കണ്ണൂർ: ക്ഷേമനിധി പെൻഷൻ മാത്രം ആശ്രയിച്ച്‌ കഴിയുന്ന ആയിരക്കണക്കിന്‌ മുൻ അങ്കണവാടി ജീവനക്കാരുടെ ജീവിതം പ്രതിസന്ധിയിൽ. അഞ്ചു മാസമായി പെൻഷൻ മുടങ്ങിയതോടെ സംസ്ഥാനത്തെ കാൽ ലക്ഷം മുൻ വർക്കർമാരും ഹെൽപ്പർമാരുമാണ്‌ ദുരിതത്തിലായത്‌. അങ്കണവാടി വർക്കേഴ്‌സ്‌ ആൻഡ്‌ ഹെൽപ്പേഴ്‌സ്‌ ക്ഷേമനിധി ബോർഡിന്റെ കാലാവധി ഫെബ്രുവരിയിൽ അവസാനിച്ചതാണ്‌. പുതിയ ബോർഡ്‌ രൂപീകരിക്കാത്തതും സർക്കാർ ഫണ്ട്‌ ലഭിക്കാത്തതുമാണ്‌ പെൻഷൻ വിതരണം അനിശ്‌ചിതത്വത്തിലാക്കിയത്‌.


2026 ജനുവരി–ഫെബ്രുവരിയിൽ പെൻഷൻ കൊടുക്കാൻ 24 കോടി രൂപ അനുവദിക്കുകയും ജനുവരി വരെയുള്ള പെൻഷൻ കുടിശ്ശിക സഹിതം നൽകുകയും ചെയ്‌തു എൽഡിഎഫ്‌ സർക്കാർ. മാർച്ചിൽ നിയമസഭ തെരഞ്ഞെടുപ്പിന്റെ പെരുമാറ്റച്ചട്ടം നിലവിൽവന്നു. പുതുതായി വന്ന സർക്കാരാണ്‌ തുടർനടപടി സ്വീകരിക്കേണ്ടത്‌.


2010 മുതലാണ് അങ്കണവാടി ജീവനക്കാർക്കുള്ള ക്ഷേമ പെൻഷൻ ആരംഭിച്ചത്‌. വർക്കർമാർക്ക്‌ 2,500 രൂപയും ഹെൽപ്പർമാർക്ക്‌ 1,500 രൂപയുമാണ്‌ പെൻഷൻ. ഇതിനായി ഇവർ യഥാക്രമം 500 രൂപയും 250 രൂപയുമാണ്‌ അംശദായം അടയ്‌ക്കേണ്ടത്‌. 50 ശതമാനം സർക്കാർ വിഹിതമുണ്ട്‌. മുൻ യുഡിഎഫ്‌ സർക്കാർ ക്ഷേമനിധി ബോർഡിന് ഫണ്ട് അനുവദിച്ചിരുന്നില്ലെന്നുമാത്രമല്ല, സർക്കാർവിഹിതവും നൽകിയില്ല. ഇതെല്ലാം പരിഹരിച്ചത് 10 വർഷം ഭരിച്ച എൽഡിഎഫ്‌ സർക്കാരാണ്‌. ആറു മാസത്തിൽ കൂടുതൽ വിവിധ കാരണത്താൽ അംശദായം അടയ്‌ക്കാതെ വീഴ്ചവരുത്തിയവർക്കും 12 ശതമാനം പലിശയോടെ അംശദായം അടയ്‌ക്കാൻ അവസരംനൽകി. 2026 ജനുവരി വരെയുള്ള പെൻഷൻ കുടിശ്ശിക സഹിതം നൽകുകയും ചെയ്‌തു എൽഡിഎഫ്‌ സർക്കാർ.


വിരമിക്കുന്നവർക്ക്‌ അവർ അടച്ച അംശദായവും എട്ട്‌ ശതമാനം പലിശയും സർക്കാർ വിഹിതവുമാണ്‌ ലഭിക്കുക. ക്ഷേമനിധി ബോർഡിൽ ഇവരുടെ വിഹിതം തുടർന്ന്‌ ഇല്ലാതാകുന്നതോടെ പെൻഷൻ നൽകുന്നതിന് സർക്കാർ ഫണ്ട് മാത്രമാണ്‌ ആശ്രയം. നിലവിൽ അഞ്ച്‌ വർക്കർമാരുടെ അംശദായത്തുക ചെവഴിച്ചാലേ ഒരാൾക്ക്‌ പെൻഷൻ നൽകാനാകൂ. അംശദായത്തുകയെടുത്ത് പെൻഷൻ കൊടുക്കുന്നത് ക്ഷേമനിധി അംഗങ്ങളുടെ ചികിത്സാസഹായം ഉൾപ്പെടെയുള്ളവ ലഭ്യമാകുന്നതിനും തടസമാകുന്നു.

നിലവിൽ ഫെബ്രുവരി മുതലുള്ള പെൻഷൻ കുടിശ്ശികയുണ്ട്‌. പുതിയ ക്ഷേമനിധി ബോർഡ് രൂപീകരിച്ച്‌ ഫണ്ട് അനുവദിച്ചാലേ പെൻഷൻ വിതരണം കൃത്യമാകൂ.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home