എലിപ്പനി മരണം വര്‍ധിക്കുന്നു: വ്യാപിക്കുന്നു ഡെങ്കിയും

കൊച്ചി
ജില്ലയില്‍ ഡെങ്കിപ്പനിയും ഇന്‍ഫ്ലുവന്‍സ രോഗങ്ങളും അതിവേഗം വ്യാപിക്കുന്നതായി ആരോഗ്യവകുപ്പ് റിപ്പോര്‍ട്ട്. വെള്ളിയാഴ്ച ഡെങ്കി ലക്ഷണങ്ങളുമായി ചികിത്സ തേടിയ അമ്പത്തിയെട്ടില്‍ 19 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.
ബിനാനിപുരം, ഏലൂര്‍, എരൂര്‍, കടുങ്ങല്ലൂര്‍, കാക്കനാട്, കളമശേരി, മൂലങ്കുഴി, വരാപ്പുഴ വെണ്ണല സ്വദേശികള്‍ക്കാണ് രോഗം. 54 പേരാണ് ഇന്‍ഫ്ലുവന്‍സ രോഗങ്ങളുമായെത്തിയത്. ഇതില്‍ എച്ച്1എന്‍1, വെസ്റ്റ്നൈല്‍ രോഗികളും ഉള്‍പ്പെടാന്‍ സാധ്യതയേറെയാണ്. ഏലൂർ നഗരസഭ കുഴിക്കണ്ടം വാർഡിൽ ശാരദ മന്ദിരത്തിൽ എ കെ ശിങ്കാരന്‍ മരിച്ചത് എലിപ്പനിമൂലമാണെന്ന് ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചു. എറണാകുളം ഗവ. മെഡിക്കൽ കോളേജില്‍ ചികിത്സയിലിരിക്കെയാണ് മരണം. ഇതോടെ ജൂണ്‍ ഒന്നുമുതല്‍ ഇതുവരെ ജില്ലയില്‍ എലിപ്പനി ബാധിച്ചുള്ള മരണം അഞ്ചായി.
ജൂലൈ ഒന്നിന് കടവന്ത്രയില്‍ ഇരുപത്തിമൂന്നുകാരനായ അന്യസംസ്ഥാനക്കാരനും എലിപ്പനിമൂലം മരിച്ചിരുന്നു. 869 പേര്‍ ജില്ലയില്‍ പുതിയതായി പനിബാധിതരായി. 158 പേര്‍ക്ക് വയറിളക്കരോഗവും പിടിപെട്ടു. കഴിഞ്ഞ ദിവസം മലേറിയ ബാധിച്ചവരും ചികിത്സയില്‍ തുടരുന്നുണ്ട്. കഴിഞ്ഞ രണ്ടുദിവസമായി മഴ കനത്തതോടെ ജില്ലയില്‍ പകര്‍ച്ചവ്യാധികള്‍ അതിവേഗം വ്യാപിക്കാന്‍ സാധ്യതയുണ്ട്.











0 comments