അധ്യാപകജോലി വാഗ്ദാനം: ലക്ഷങ്ങൾ തട്ടിയ കോൺഗ്രസ് നേതാക്കൾക്കെതിരെ കേസ്

വരാപ്പുഴ
കോളേജിൽ അധ്യാപകജോലി വാഗ്ദാനം ചെയ്ത് വീട്ടമ്മയിൽനിന്ന് 37 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിൽ കോൺഗ്രസ് നേതാക്കൾക്കെതിരെ കേസ്.
വരാപ്പുഴ പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് കൂടിയായ വരാപ്പുഴ പുനത്തിൽ ജോസഫ് (ജോൺസൺ പുനത്തിൽ –- 50), കടുങ്ങല്ലൂർ പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റും കോൺഗ്രസ് നേതാവുമായ എടയാർ തോട്ടക്കാട്ട് വീട്ടിൽ ടൈറ്റസ് (50), വരാപ്പുഴ തുണ്ടത്തുംകടവ് ഓടത്തൈക്കൽ വീട്ടിൽ അരുൺ എബ്രഹാം (50) എന്നിവർക്കെതിരെ ബിനാനിപുരം പൊലീസ് ജാമ്യമില്ലാ വകുപ്പുകളോടെ കേസെടുത്തു. മുഖ്യമന്ത്രി വി ഡി സതീശന്റെ മണ്ഡലത്തിലുൾപ്പെട്ട വരാപ്പുഴയിലെ കോൺഗ്രസ് നേതാവാണ് ജോൺസൺ പുനത്തിൽ.
കിഴക്കേ കടുങ്ങല്ലൂർ മൂല്ലേപ്പള്ളി മധുഭവൻ വീട്ടിൽ മനേഷിന്റെ ഭാര്യ ലീജ (46)യാണ് തട്ടിപ്പിനിരയായത്.ആലുവയിലെ പ്രമുഖ കോളേജിൽ മലയാളം അധ്യാപികയായി ജോലി വാഗ്ദാനം ചെയ്താണ് പണം തട്ടിയതെന്ന് പരാതിയിൽ പറഞ്ഞു. 2023 നവംബർമുതൽ 2024 സെപ്തംബർവരെ പലതവണകളായി 37 ലക്ഷം രൂപ തട്ടിയെടുത്തു. നിയമനം ലഭിക്കാതിരുന്നതിനെത്തുടർന്ന് പരാതിപ്പെട്ടപ്പോൾ പലഘട്ടങ്ങളിലായി 27.5 ലക്ഷംരൂപ തിരികെ നൽകി. ബാക്കി തുക ലഭിക്കാത്തതിനെത്തുടർന്നാണ് ലീജ പൊലീസിൽ പരാതി നൽകിയത്.











0 comments