ad
Deshabhimani

കുസാറ്റ്‌, സംസ്‌കൃത സർവകലാശാലകളിലേക്ക്‌ 
വിദ്യാർഥി മാർച്ച്‌

Student March

അന്യായ ഫീസ് വർധന പിൻവലിക്കണമെന്നാവശ്യപ്പെട്ട് എസ്എഫ്ഐ കുസാറ്റിലേക്ക് സംഘടിപ്പിച്ച മാർച്ച്

വെബ് ഡെസ്ക്

Published on Jul 04, 2026, 02:45 AM | 1 min read

കൊച്ചി


കുസാറ്റ്‌, സംസ്‌കൃത സർവകലാശാലകളിലേക്ക്‌ എസ്‌എഫ്‌ഐ നേതൃത്വത്തിൽ വിദ്യാർഥികളുടെ ഉജ്വലമാർച്ച്‌. ഇരുമാർച്ചുകളിലും നിരവധി വിദ്യാർഥികൾ അണിനിരന്നു. അനിയന്ത്രിതമായി വർധിപ്പിച്ച ഫീസ് പിൻവലിക്കുക, അശാസ്ത്രീയമായ ഹോസ്റ്റൽ അലോട്ട്മെന്റ്‌ തിരുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ്‌ കുസാറ്റ്‌ ആസ്ഥാനത്തേക്ക് മാർച്ച് നടത്തിയത്‌. സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ് ഉദ്ഘാടനം ചെയ്തു.


ജില്ലാസെക്രട്ടറി ആഷിഷ് എസ് ആനന്ദ്, ജോയിന്റ്‌ സെക്രട്ടറി എച്ച് നന്ദകുമാർ, കുസാറ്റ് യൂണിയൻ ചെയർപേഴ്സൺ ജെ ബി ഋതുപർണ, സംസ്ഥാന കമ്മിറ്റി അംഗം മെൽബിൻ ജോസ്, കുസാറ്റ് യൂണിറ്റ് സെക്രട്ടറി ധ്യാൻ കൃഷ്ണ, പ്രസിഡന്റ്‌ എം എ അനസ് തുടങ്ങിയവർ സംസാരിച്ചു. കുസാറ്റ് അമിനിറ്റി സെന്ററിൽനിന്ന്‌ ആരംഭിച്ച മാർച്ച് ഭരണവിഭാഗം ഓഫീസ് കവാടത്തിൽ പൊലീസ് തടഞ്ഞു. തുടർന്ന് സമരനേതാക്കളുമായി രജിസ്ട്രാർ ചർച്ച നടത്തി. ഹോസ്‌റ്റൽ അലോട്ട്‌മെന്റിലെ അപാകം പരിഹരിക്കാമെന്ന്‌ ഉറപ്പുനൽകി. ഫീസ്‌ വർധനയിൽ തീരുമാനമാകാത്തതിനാൽ തിങ്കൾമുതൽ അനിശ്ചിതകാലസമരം ആരംഭിക്കുമെന്ന്‌ നേതാക്കൾ പറഞ്ഞു.


സംസ്കൃത സർവകലാശാലയിലെ ഗസ്റ്റ് അധ്യാപക നിയമനം ഉടൻ പൂർത്തിയാക്കുക, കോഴ്സ് പൂർത്തീകരിച്ച വിദ്യാർഥികൾക്ക് പ്രിന്റഡ്‌ സർട്ടിഫിക്കറ്റ്‌ സമയബന്ധിതമായി നൽകുക, യൂണിവേഴ്സിറ്റിയിലെ അടിസ്ഥാനസൗകര്യങ്ങൾ വർധിപ്പിക്കുക, വൈസ് ചാൻസലറുടെ സേവനം കാര്യക്ഷമമാക്കുക, മുടങ്ങിക്കിടക്കുന്ന സിൻഡിക്കറ്റ്‌, അക്കാദമിക്‌ ക‍ൗൺസിൽ യോഗങ്ങൾ ഉടൻ വിളിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സംസ്‌കൃത സർവകലാശാല മാർച്ച്‌.


സംസ്ഥന വൈസ് പ്രസിഡന്റ്‌ കെ എസ് അമൽ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ്‌ പി എസ് അർച്ചന അധ്യക്ഷയായി. ജില്ലാ പ്രസിഡന്റ്‌ രതു കൃഷ്‌ണ, യൂണിറ്റ് സെക്രട്ടറി കെ ശ്യാംജിത് എന്നിവർ സംസാരിച്ചു.




Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home