print edition സ്‌പെയ്‌നിന് ഗോളടിക്കാനാളുണ്ട്!

മിക്കേൽ ഒയർസബാൽ
ലൊസ് ആഞ്ചലസ്: ഗോളടിക്കാനാളില്ലെന്ന ചീത്തപ്പേര് സ്‌പെയ്‌ൻ കേട്ടുതുടങ്ങിയിട്ട് ഒരു പതിറ്റാണ്ടോളമായി. റൗൾ ഗോൺസാലസ്, ഡേവിഡ് വിയ്യ തുടങ്ങിയ ലോകോത്തര സ്‌ട്രൈക്കർമാർക്ക് പിൻഗാമികളില്ലാതെ പോയി. നന്നായി കളിച്ചിട്ടും ലക്ഷ്യം കാണാനാകാതെ മടങ്ങുന്ന ശീലമായിരുന്നു.
നീണ്ട കാത്തിരിപ്പുകൾക്കുശേഷം ലക്ഷണമൊത്ത ഗോളടിക്കാരൻ സ്‌പെയ്‌നിനെ ഉയർത്തുകയാണ്. മിക്കേൽ ഒയർസബാൽ. രണ്ടുവർഷമായി ദേശീയ കുപ്പായത്തിൽ അസാമാന്യ പ്രകടനമാണ് ഇരുപത്തൊമ്പതുകാരന്റേത്. ലോകകപ്പിലും ഗോൾമേളം തുടർന്നു. നാല് മത്സരത്തിൽ നാല് ഗോളും ഒരവസരവുമാണ്. അവസാന 16 കളിയിൽ 17 ഗോളും ഏഴ് അവസരവും!
ലോകകപ്പിൽ സൗദി അറേബ്യക്കെതിരെയും റൗണ്ട് ഓഫ് 32ൽ ഓസ്‌ട്രിയക്കെതിരെയും ഇരട്ടഗോളുമായി നിറഞ്ഞു. ഓസ്‌ട്രിയയെ 3–0ന് തോൽപ്പിച്ച് സ്‌പെയ്‌ൻ പ്രീ ക്വാർട്ടറും ഉറപ്പിച്ചു. പെഡ്രോ പോറോയാണ് മറ്റൊരു ഗോൾ നേടിയത്. 2010നുശേഷം സ്‌പെയ്‌നിന്റെ ആദ്യ നോക്കൗട്ട് ജയമാണിത്.
19–ാം വയസ്സിൽ അരങ്ങേറിയ ഒയർസബാലിന് ലൂയിസ് ഡെ ലാ ഫുയെന്റെ പരിശീലകനായി എത്തിയതോടെയാണ് കൂടുതൽ അവസരങ്ങൾ കിട്ടിതുടങ്ങിയത്. കഴിഞ്ഞ യൂറോ കപ്പ് ഫൈനലിൽ ഇംഗ്ലണ്ടിനെതിരെ വിജയഗോൾ നേടി. പിന്നീട് ഗോളടി നിർത്തിയിട്ടില്ല. 2022 ഖത്തർ ലോകകപ്പിൽ പരിക്ക് കാരണം പുറത്തായിരുന്നു. ഇത്തവണ ആ വിഷമം തീർത്തു.











0 comments