ജില്ലയിലെ ആദ്യ "ഡിജിറ്റൽ അറസ്റ്റ്'
മുഖ്യ പ്രതി പിടിയിൽ

പാലക്കാട്
ജില്ലയിലെ ആദ്യ ‘ഡിജിറ്റൽ അറസ്റ്റ്' കേസിലെ മുഖ്യപ്രതിയെ ഉത്തർപ്രദേശ് ദുലായ്‌പുറിലെ ഒളിസങ്കേതത്തിൽനിന്ന് പാലക്കാട് സൈബർ പൊലീസ് പിടികൂടി. മുംബൈ കണ്ടിവാലി ഈസ്റ്റ് സ്വദേശിയായ സുനിൽ കുമാർ ദുബെ(29) യാണ് അറസ്റ്റിലായത്. ഇയാൾക്കെതിരെ 14 സംസ്ഥാനങ്ങളിലായി 40 കേസുണ്ട്. 2023 ആഗസ്‌തിലാണ് സംഭവം. ഹൈദരാബാദിൽ ഐടി ജീവനക്കാരിയായ പാലക്കാട് സ്വദേശിനിയിൽ നിന്ന് 45 ലക്ഷം രൂപ പ്രതികളുടെ അക്കൗണ്ടുകളിലേക്ക് ട്രാൻസ്ഫർ ചെയ്യിപ്പിക്കുകയായിരുന്നു. ഇവരുടെ അഡ്രസിൽ തായ്‌വാനിലേക്ക് അയച്ച കൊറിയറിൽ അനധികൃത വസ്തുക്കളുണ്ടെന്ന് പറഞ്ഞ് ഡിജിറ്റൽ അറസ്റ്റ് നടത്തിയതായി അറിയിച്ചായിരുന്നു തട്ടിപ്പ്. യുവതിയുടെ പരാതിയിൽ അന്വേഷണമാരംഭിച്ച പാലക്കാട് സൈബർ പൊലീസ് കേസിലുൾപ്പെട്ട ചില ഉത്തരേന്ത്യൻ ഏജന്റുമാരെ അറസ്റ്റ് ചെയ്തിരുന്നു. ഇവരിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാത്തിലാണ് മുഖ്യ പ്രതിയിലേക്കെത്തിയത്. 2025 ആഗസ്‌തിൽ പ്രതിയെ പിടികൂടാൻ പൊലീസ് ശ്രമിച്ചിരുന്നെങ്കിലും ഉത്തർപ്രദേശ് പൊലീസിന്റെ നിസഹകരണം കാരണം രക്ഷപ്പെട്ടു. പാലക്കാട് സൈബർ ക്രൈം പൊലീസ് ഇൻസ്പെക്ടർ കെ നിപുൺ ശങ്കർ, എഎസ്ഐ എം മനേഷ്, എസ്‌സിപിഒമാരായ കെ ഉല്ലാസ് കുമാർ, ഷിഹാബുദ്ദീൻ എന്നിവരടങ്ങിയ സംഘമാണ് യുപിയിലെത്തി പ്രതിയെ പിടികൂടിയത്. ഗ്രാമപൂജാരിയുടെ ബന്ധുകൂടിയായ പ്രതിയെ അറസ്റ്റ് ചെയ്തത വിവരമറിഞ്ഞ നാട്ടുകാർ പൊലീസിനെ തടയാൻ ശ്രമിച്ചെങ്കിലും സാഹസികമായി വാരണാസി എയർപോർട്ടിലെത്തിക്കുകയായിരുന്നു. പ്രതിയിപ്പോൾ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.










0 comments