നല്ലേപ്പിള്ളിയിൽ ലാഭക്കൊയ്ത്ത്
നെല്ലിന് പകരം ഇരുവേലി

എസ് സുധീഷ്
ചിറ്റൂർ
ജലക്ഷാമം കാരണം നെൽകൃഷി ദുഷ്കരമായതോടെ, മികച്ച ആദായം നൽകുന്ന "ഇരുവേലി' ഔഷധകൃഷിയുമായി നല്ലേപ്പിള്ളി കമ്പംപടിയിലെ കർഷകൻ കെ സ്വാമിനാഥൻ മാതൃകയാകുന്നു. ചുമ, ശ്വാസകോശ രോഗങ്ങൾ എന്നിവയ്ക്കുള്ള ആയുർവേദ മരുന്നായ ഇരുവേലി, തെങ്ങിൻ തോപ്പിലെ പരീക്ഷണ വിജയത്തിന് ശേഷമാണ് അദ്ദേഹം ഒരു ഏക്കറിലേക്ക് വ്യാപിപ്പിച്ചത്. മുപ്പത് സെന്റിൽ ഞാറ്റടി തയ്യാറാക്കി, അതിൽനിന്നും മുറിച്ചെടുക്കുന്ന തൈകളാണ് കൃഷിക്ക് ഉപയോഗിക്കുന്നത്. ഉഴുതുമറിച്ച മണ്ണിൽ മൂന്നടി വീതിയുള്ള പാത്തികളിൽ ഒരടി അകലത്തിൽ ഇവ നടുന്നു. വെള്ളക്കെട്ട് ഒഴിവാക്കാൻ കൃഷിയിടത്തിന് ചുറ്റും പ്രത്യേക പാത്തികൾ ഒരുക്കിയിട്ടുണ്ട്. കാലിവളം, ആട്ടിൻകാഷ്ഠം, ചാരം തുടങ്ങിയ ജൈവവളങ്ങൾ മാത്രമാണ് ഉപയോഗിക്കുന്നത്. കീടബാധ തീരെയില്ലാത്ത ചെടി ഒരു വർഷം കൊണ്ട് നാലടിയോളം വളരും. വേരോടെ പിഴുതുണക്കിയാണ് പിന്നീട് വിൽപ്പനയ്ക്ക് തയ്യാറാക്കുന്നത്. കോയമ്പത്തൂരിലെ ആയുർവേദ ഫാർമസികൾ മുൻകൂർ ധാരണപ്രകാരം കിലോയ്ക്ക് 240 രൂപ നിരക്കിലാണ് ഇവ വാങ്ങുന്നത്. ഒരു ലക്ഷത്തിൽ താഴെ മാത്രം ചിലവ് വരുന്ന കൃഷിയിലൂടെ ഒരു ഏക്കറിൽ നിന്ന് ആയിരം കിലോയോളം വിളവും 2.4 ലക്ഷം രൂപ വരുമാനവും ലഭിക്കും. ഇത് നെൽകൃഷിയേക്കാൾ ലാഭമാണ്. തൊഴിലുറപ്പ്, ജനകീയാസൂത്രണ പദ്ധതികളെ ഏകോപിപ്പിച്ച് തൊഴിലാളികൾക്കുള്ള കൂലിയും ജൈവവളവും സർക്കാർ ലഭ്യമാക്കിയാൽ കൂടുതൽ കർഷകർ തരിശുഭൂമികളിൽ കൃഷിയിറക്കാൻ തയ്യാറാകുമെന്ന് സ്വാമിനാഥനും നരിചിറ പാടശേഖരത്തിലെ കർഷകനായ രാജനും പറഞ്ഞു.











0 comments