ad
Deshabhimani

കോളനോസ്‌കോപി ഉടൻ

ജനറൽ ആശുപത്രിയിൽ എൻഡോസ്‌കോപി തുടങ്ങി

ആലപ്പുഴ ജനറൽ ആശുപത്രി പുതിയ ഒപി ബ്ലോക്ക്
വെബ് ഡെസ്ക്

Published on Sep 20, 2025, 01:03 AM | 1 min read

ആലപ്പുഴ

ജനറൽ ആശുപത്രിയിൽ എൻഡോസ്കോപ്പി പ്രവർത്തനം തുടങ്ങി. ഗാസ്‌ട്രോ എൻട്രോളജിസ്‌റ്റ്‌ ഡോ. എസ്‌ ഉണ്ണിക്കൃഷ്‌ണന്റെ നേതൃത്വത്തിൽ വെള്ളിയാഴ്‌ച മൂന്നുപേരെ എൻഡോസ്‌കോപ്പിക്ക്‌ വിധേയരാക്കി. ആഗസ്‌തിൽ എച്ച് സലാം എംഎൽഎയാണ്‌ ഉദ്‌ഘാടനം ചെയ്‌തത്‌. ജീവനക്കാർക്ക്‌ പരിശീലനം നൽകിയിരുന്നു. ദിവസം അഞ്ചുപേരെ വരെ എൻഡോസ്‌കോപ്പി ചെയ്യാം. വെള്ളിയാഴ്‌ചകളിലാണ്‌ പരിശോധന. അന്നനാളത്തിലെയും ആമാശയത്തിലെയും കാൻസർ നേരത്തേ കണ്ടെത്തി ചികിത്സിച്ച്‌ ഭേദമാക്കുന്നതിന്‌ എൻഡോസ്‌കോപ്പി വഴി സാധിക്കും. ഇതിനൊപ്പം കോളനോസ്‌കോപ്പി സ‍ൗകര്യവും ഏർപ്പെടുത്തി. വൻകുടലിലെ കാൻസർ കണ്ടെത്തുന്ന പരിശോധനാ സംവിധാനമാണ്‌ കോളനോസ്‌കോപ്പി. സംസ്ഥാന സർക്കാരിന്റെ ‘ആരോഗ്യം ആനന്ദം’ പദ്ധതിയുടെ രണ്ടാംഘട്ടത്തിന്റെ ഭാഗമായാണ്‌ പുതിയ സംവിധാനങ്ങൾ. ആലപ്പുഴ നഗരസഭ അനുവദിച്ച 37.68 ലക്ഷം രൂപ ഉപയോഗിച്ചാണ് ഉപകരണങ്ങൾ വാങ്ങിയത്‌. എൻഡോസ്‌കോപ്പിക്ക്‌ സ്വകാര്യ ആശുപത്രികളിൽ 2500 രൂപയോളമാകും. ജനറൽ ആശുപത്രിയിൽ ഇത്‌ ബിപിഎൽ വിഭാഗത്തിന്‌ 300 രൂപയ്‌ക്കും അല്ലാത്തവർക്ക്‌ 400 രൂപയും മതി. കോളനോസ്‌കോപ്പിക്ക്‌ സ്വകാര്യആശുപത്രികളിൽ 5000 രൂപയോളമാകും. ഇവിടെ ബിപിഎൽ വിഭാഗക്കാർക്ക്‌ 600 രൂപയും അല്ലാത്തവർക്ക്‌ 700 രൂപയും മാത്രം. കോളനോസ്‌കോപ്പി പ്രവർത്തനം ഒന്നര മാസത്തിനുള്ളിൽ ആരംഭിക്കുമെന്ന്‌ സൂപ്രണ്ട്‌ ഡോ. ആർ സന്ധ്യ അറിയിച്ചു. കാൻസർ നിർണയം 
നേരത്തെ പുരുഷന്മാരിൽ കൂടുതലായി കാണപ്പെടുന്ന കാൻസറുകൾ നേരത്തേ നിർണയിച്ച്‌ ചികിത്സിക്കാനാവശ്യമായ പരിശോധനയും ആരോഗ്യം ആനന്ദം പദ്ധതിയുടെ ഭാഗമായി ജനറൽ ആശുപത്രിയിൽ ആരംഭിച്ചു. വായ, കുടൽ, ശ്വാസകോശ കാൻസറുകളാണ്‌ പുരുഷന്മാരിൽ കൂടുതലായി കാണുന്നത്‌. പരിശോധനയ്‌ക്കായി ക്യാന്പുകൾ സംഘടിപ്പിക്കും. ആശുപത്രിയിലെ ജീവിതശൈലീ രോഗ ക്ലിനിക്കിൽ എത്തുന്നവരെയും പരിശോധിക്കും. ആശുപത്രിയിലെ ഓങ്കോളജിസ്‌റ്റ്‌ ഷേമ ചിത്തജന്റെ നേതൃത്വത്തിലാണ്‌ പരിശോധന.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home