ദേശീയപാത നിർമാണത്തിലെ അപാകം പരിഹരിക്കുക
താക്കീതായി യുവജന മാർച്ച്

കഞ്ഞിക്കുഴി
ദേശീയപാത നിർമാണത്തിലെ അപാകം പരിഹരിക്കുക, അശാസ്ത്രീയ നിർമാണം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ഡിവൈഎഫ്‌ഐ നേതൃത്വത്തിൽ യുവജനപ്രതിഷേധം. പൊതുപണം കൊള്ളയടിക്കുന്ന കരാർ കമ്പനികൾക്കെതിരെ ജില്ലാ കമ്മിറ്റി കഞ്ഞിക്കുഴി കണിച്ചുകുളങ്ങര നാഷണൽ ഹൈവേ അതോറിറ്റിയുടെ കരാർ ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ നൂറുകണക്കിന് പ്രവർത്തകർ പങ്കെടുത്തു. കഴിഞ്ഞദിവസമാണ് ചേർത്തല പതിനൊന്നാം മൈലിൽ 12 അടിയോളം താഴ്ചയിൽ പുതിയ ദേശീയപാതയിൽ കുഴി രൂപപ്പെട്ടത്. മണ്ണ് ഒലിച്ചുപോകുന്ന പ്രശ്നം ശാസ്ത്രീയമായി പരിഹരിക്കണമെന്ന് ഡിവൈഎഫ്‌ഐ ആവശ്യപ്പെട്ടു. പെട്ടെന്ന് കുഴിമൂടാനാണ് കരാർ കമ്പനി തയ്യാറായത്. ഇതിനെതിരെയാണ് മാർച്ച്. ജീവന് ഭീഷണിയാകുന്നവിധം അശാസ്ത്രീയമായ റോഡ് നിർമാണം സർക്കാർ സംവിധാനങ്ങളോ ജില്ലയുടെ ചുമതലയുള്ള മന്ത്രിമാരോ ശ്രദ്ധിക്കുന്നില്ലെന്ന് ഡിവൈഎഫ്‌ഐ ഭാരവാഹികൾ പറഞ്ഞു. എസ് എൻ കോളേജിനു സമീപത്തുനിന്ന് ആരംഭിച്ച പ്രകടനം നാഷണൽ ഹൈവേ അതോറിറ്റിയുടെ ഓഫീസിനു സമീപം ബാരിക്കേഡ് സ്ഥാപിച്ച് പൊലീസ് തടഞ്ഞു. ബാരിക്കേഡ് മറികടന്ന് പ്രവർത്തകർ ദേശീയപാത നിർമാണ കരാർ കന്പനി ഓഫീസിന് സമീപം പ്രതിഷേധയോഗം ചേർന്നു. കേന്ദ്ര കമ്മിറ്റി അംഗം ആർ രാഹുൽ ഉദ്ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ് എസ് സുരേഷ് കുമാർ അധ്യക്ഷനായി. സെക്രട്ടറി ജെയിംസ് ശമുവേൽ, ജോയിന്റ് സെക്രട്ടറി ആർ അശ്വിൻ, ട്രഷറർ രമ്യ രമണൻ, സംസ്ഥാന കമ്മിറ്റിയംഗം സി ശ്യാംകുമാർ, ജില്ലാ കമ്മിറ്റി അംഗങ്ങളായ വി എ അരുൺ, അനുപ്രിയ ദിനൂപ്, ജിസ്മി, സുമേഷ്, അരുൺ പ്രശാന്ത്, ബി ബിനോയ്, റോഷൻ എസ് രമണൻ, കഞ്ഞിക്കുഴി ബ്ലോക്ക് പ്രസിഡന്റ് ബിനീഷ് വിജയൻ, സെക്രട്ടറി വി ശ്രീകാന്ത് തുടങ്ങിയവർ സംസാരിച്ചു.











0 comments