ഡിവൈഎഫ്ഐ പ്രവർത്തകർക്ക് പരിക്ക്
താലൂക്ക് ആശുപത്രി ഉദ്ഘാടനചടങ്ങിനിടെ യുഡിഎഫ് അതിക്രമം

തുറവൂർ താലൂക്കാശുപത്രി കെട്ടിടം ഉദ്ഘാടനം തടസപ്പെടുത്താൻ വേദിയിലെത്തിയ സദസിലുള്ളവരെയും കാണാം

സ്വന്തം ലേഖകൻ
Published on Mar 04, 2026, 12:15 AM | 1 min read
തുറവൂർ
തുറവൂർ താലൂക്കാശുപത്രി കെട്ടിട സമുച്ചയം ഉദ്ഘാടനം അലങ്കോലപ്പെടുത്താൻ യുഡിഎഫ്–എൻഡിഎ ശ്രമം. യുഡിഎഫ് ആക്രമണത്തിൽ മുൻ ജില്ലാ പഞ്ചായത്തംഗം അനന്ദു രമേശൻ, ഡിവൈഎഫ്ഐ അരൂർ ബ്ലോക്ക് സെക്രട്ടറി വി കെ സൂരജ് എന്നിവർക്ക് പരിക്കേറ്റു. ചൊവ്വ രാവിലെ 10ഓടെയാണ് സംഭവങ്ങളുടെ തുടക്കം.
ഉദ്ഘാടന വേദിയിലേക്ക് പ്രകടനമായെത്തിയ യുഡിഎഫ് പ്രവർത്തകരെ പ്രവേശന കവാടത്തിൽ പൊലീസ് തടഞ്ഞു. എൻഡിഎ പ്രവർത്തകരും പ്രകടനമായെത്തിയെങ്കിലും പൊലീസ് അറസ്റ്റ് ചെയ്തുനീക്കി. സമ്മേളനം തുടങ്ങിയശേഷം പ്രാർഥന തടസ്സപ്പെടുത്താൻ യുഡിഎഫിന്റെ ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ വി കെ ഗൗരീശൻ ശ്രമിച്ചു. പരിപാടി തുടർന്നാൽ പ്രശ്നമുണ്ടാക്കുമെന്ന് ആക്രോശിക്കുകയും ചെയ്‌തു. പ്രാർഥന നടന്നുകൊണ്ടിരിക്കെ ഗൗരീശനും ബ്ലോക്ക് പഞ്ചായത്തംഗവും കോൺഗ്രസ് നേതാവുമായ എം എൻ സിമിലും വേദിയിൽ ഇരച്ചുകയറി ബഹളംവെച്ചു.
പ്രാർഥനാഗാനം ആലപിച്ച നഴ്സുമാർ ഭയന്നു. ഈ സമയം വേദിയിലുണ്ടായിരുന്ന കോൺഗ്രസ് നേതാവും പട്ടണക്കാട് ബ്ലോക്ക് പ്രസിഡന്റുമായ സി കെ രാജേന്ദ്രനായിരുന്നു ഉദ്ഘാടനത്തിന് സ്വാഗതം പറയേണ്ട ചുമതല. എന്നാൽ സ്വന്തം പ്രവർത്തകരെ പിന്തിരിപ്പിക്കാൻ പോലും രാജേന്ദ്രൻ ശ്രമിച്ചില്ല. ചടങ്ങ് അലങ്കോലപ്പെടുത്താനുള്ള ശ്രമം സദസ്സിലുണ്ടായിരുന്ന മുൻ ജില്ലാ പഞ്ചായത്തംഗം അനന്തു രമേശൻ ചോദ്യംചെയ്തു. തുടർന്ന് അനന്തുവിനെതിരെ ഗൗരീശൻ അസഭ്യവർഷം നടത്തി. തുടർന്ന് പൊലീസെത്തി ഇരുവരെയും പിടിച്ചുമാറ്റി. പരിപാടി പുനരാരംഭിച്ചു.
ഉദ്ഘാടനപരിപാടി നടക്കവെ കവാടത്തിന് സമീപം നിൽക്കുകയായിരുന്ന അനന്തുവിനെ ഗൗരീശനും സിമിലും ചേർന്ന് ആക്രമിക്കുകയായിരുന്നു. തടയാൻ ചെന്ന ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി വി കെ സൂരജിനും സിപിഐ എം തുറവൂർ ലോക്കൽ കമ്മിറ്റി അംഗം എം എസ് അഭിജിത്തിനും പരിക്കേറ്റു. മർദ്ദനമേറ്റവർ തുറവൂർ താലൂക്കാശുപത്രിയിൽ ചികിത്സ തേടി.










0 comments