ചരിത്രമുറങ്ങുന്ന ചതുരക്കിണറുകൾ

മടിക്കൈ സ്ഥലനാമങ്ങൾ പലതിന്റെയും പേരിലുമുണ്ട്. എന്നാൽ ഒരു കിണറിന്റെ പ്രത്യേകതയിൽ ഒരു നാടിന്റെ പേരായി പരിണമിച്ച ചരിത്രമാണ് മടിക്കൈ പഞ്ചായത്തിന്റെയും കാഞ്ഞങ്ങാട് നഗരസഭയുടേയും അതിർത്തി പങ്കിടുന്ന ചതുരക്കിണർ ദേശത്തിനുള്ളത്. മടിക്കൈ നീലേശ്വരം പ്രധാന റോഡിൽ അടുക്കത്തുപറമ്പിനും ബി സി റോഡ് ബസ്സ്റ്റോപ്പിനും ഇടയിലാണ് ചതുരക്കിണർ എന്ന സ്ഥലം. റോഡരികിൽതന്നെ ചരിത്ര പ്രാധാന്യമുള്ള ചതുരാകൃതിയിലുള്ള കിണറും കാണാം. കേരളത്തിലെ ചില പ്രദേശങ്ങളിൽ കാണപ്പെടുന്ന, ചരിത്രപരവും വാസ്തുവിദ്യാപരവുമായ പ്രത്യേകതകളുള്ള ചരിത്ര സ്മാരകങ്ങളാണ് ചതുരക്കിണറുകൾ. പരമ്പരാഗത വൃത്താകൃതിക്ക് പകരം ചതുരാകൃതിയിൽ നിർമിച്ചിരിക്കുന്ന ഇവ അപൂർവമാണ്. മടിക്കൈയിൽതന്നെ ബങ്കളത്തും, റിട്ട. കോളേജധ്യാപകനും ചരിത്ര ഗവേഷകനുമായ ചേടിറോഡിലെ പ്രൊഫ.വി കൂട്ട്യന്റെ തറവാട്ട് വീട്ടിലും ചതുരക്കിണറുകൾ ഇന്നുമുണ്ട്. ഇത്തരം കിണറുകൾ ആൾ സഞ്ചാരമുള്ള വഴിവക്കിലാണ് അധികവും. നഗരങ്ങളിലേക്ക് വാണിഭത്തിനും മറ്റുമായി പോകുന്നവർക്ക് വഴിവക്കിലെ ഇത്തരം കിണറുകൾ ദാഹമകറ്റാനും വിശ്രമത്തിനുമുള്ള ഇടങ്ങളായിരുന്നു. ചില കിണറുകളോടുചേർന്ന് കല്ലുകൊണ്ടുള്ള പാത്തികളുമുണ്ട്. ഇവ കന്നുകാലികൾക്ക് വെള്ളം കുടിക്കാനായി നിർമിച്ചതാണെന്ന് കരുതുന്നു. അടുക്കത്ത്പറമ്പിലെ ചതുരക്കിണർ ഇപ്പോഴും ജലസമൃദ്ധമാണ്. ഇരുന്നൂറിലേറെ വർഷം പഴക്കമുള്ള ഇൗ കിണർ പരിസരത്തുള്ളവർ ഇപ്പോഴും ഉപയോഗിക്കുന്നുണ്ട്.









0 comments