കുടിവെള്ളക്ഷാമം; പരാതിയുമായി ജല അതോറിറ്റി ഓഫീസിലെത്തി എംഎൽഎ

തെക്കേ തലവടി പ്രദേശത്തെ കുടിവെള്ള ക്ഷാമം പരിഹരിക്കണമെന്നാവശ്യപ്പെട്ട് കുട്ടനാട് എംഎൽഎ തോമസ് കെ തോമസ് എടത്വാ ജല അതോറിറ്റിയിൽ എത്തി പരാതി നൽകുന്നു
മങ്കൊമ്പ്
തെക്കേ തലവടിയിൽ കുടിവെള്ള ക്ഷാമം രൂക്ഷമായതോടെ ജല അതോറിറ്റി എടത്വ സെക്ഷൻ ഓഫീസിൽ തോമസ് കെ തോമസ് എംഎൽഎ പരാതിയുമായി നേരിട്ടെത്തി. ആഴ്‌ചയിൽ മൂന്നുതവണ ലഭിച്ചിരുന്ന കുടിവെള്ളവിതരണം നിലച്ചിട്ട് ദിവസങ്ങളായി . എംഎൽഎ സ്ഥലം സന്ദർശിച്ച് സ്ഥിതിഗതി വിലയിരുത്തി. എംഎൽഎയോടൊപ്പം പഞ്ചായത്ത് അംഗം അജിത്ത് പിഷാരത്തും പ്രദേശവാസികളും ഓഫീസിലെത്തി അസി. എക്സിക്യൂട്ടീവ് എൻജിനിയർക്ക് പരാതി നൽകി. ജലവിതരണം പുനരാരംഭിക്കുമെന്ന് അധികൃതർ എംഎൽഎയ്ക്ക് ഉറപ്പ് നൽകി. തലവടി പഞ്ചായത്തിലെ ഒട്ടുമിക്ക തോടുകളും കിണറുകളും വറ്റിവരണ്ടു. പലതും ഉപയോഗിക്കാൻ കഴിയാതെ മാലിന്യവാഹികളായി. തണ്ണീർമുക്കം ബണ്ട് തുറന്നതോടെ നദികളിൽ ഉപ്പുരസം കലർന്നു. ഇതോടെ ജലക്ഷാമം കൂടുതൽ രൂക്ഷമായി. തിരുവല്ല കറ്റോട്ടുനിന്നാണ് തലവടി പ്രദേശങ്ങളിൽ ശുദ്ധജലം ലഭിച്ചിരുന്നത്. ചൊവ്വ, ബുധൻ, ശനി ദിവസങ്ങളിൽ പകൽ സമയത്ത് തലവടി പഞ്ചായത്തിലും രാത്രിയിൽ എടത്വ പഞ്ചായത്തിലുമാണ് ജലവിതരണം നടന്നിരുന്നത്. ആറ് എംഎൽഡി ജലമാണ് ഇരു പഞ്ചായത്തിലും വിതരണംചെയ്യുന്നത്. ജല അതോറിറ്റി എടത്വാ സെക്ഷനിൽ ഉപഭോക്താക്കൾ അന്വേഷിച്ചപ്പോൾ തിരുവല്ലയിൽനിന്നുള്ള വിതരണം നടക്കുന്നില്ലെന്ന് മാത്രമാണ് അധികൃതർ അറിയിച്ചത്.










0 comments