നഗരസഭാ നേതൃത്വത്തിൽ യോഗം ചേർന്നു
അർത്തുങ്കൽ ബൈപാസിലെ കുടിവെള്ളച്ചോർച്ച പരിഹരിക്കും

ദേശീയപാതയിൽ അർത്തുങ്കൽ ബൈപാസിൽ കുടിവെള്ളക്കുഴൽ തകർന്നുണ്ടായ വെള്ളക്കെട്ട് പരിഹരിക്കാൻ നഗരസഭ വിളിച്ചുചേർത്ത യോഗത്തിൽനിന്ന്
ചേർത്തല
ദേശീയപാതയിൽ അർത്തുങ്കൽ ബൈപാസിൽ മാസങ്ങളായി പൊട്ടിക്കിടക്കുന്ന കുടിവെള്ളക്കുഴൽ നന്നാക്കാൻ നഗരസഭയിൽ ചേർന്ന യോഗത്തിൽ തീരുമാനം. ദേശീയപാത നിർമാണത്തിനിടെയാണ് കുഴൽതകർന്ന് കുടിവെള്ളം കുത്തിയൊഴുകുന്നത്. ജല അതോറിറ്റി, ദേശീയപാത വിഭാഗം, പൊതുമരാമത്ത്, നഗരസഭ, പൊലീസ് ഉദ്യോഗസ്ഥർ പങ്കെടുത്തു. ബൈപാസിലൂടെ മാടയ്‌ക്കൽ ഭാഗത്തേക്ക് പോകുന്ന രണ്ട് കുഴലിൽ ഏതിലാണ് ചോർച്ചയെന്ന് രണ്ട് ദിവസത്തിനുള്ളിൽ ജല അതോറിറ്റി കണ്ടെത്തും. കുഴലുകൾ അടിപ്പാതയുടെ കോൺക്രീറ്റിന് അടിയിലൂടെ പോകുന്നതിനാൽ കുഴിയെടുത്ത് തകരാർ കണ്ടെത്താൻ ബുദ്ധിമുട്ടുള്ളതിനാൽ താൽക്കാലികമായി ജലവിതരണം നിർത്തിവച്ചാകും പരിശോധന.
ചോർച്ചയുള്ളതിന് പകരം പുതിയത് സ്ഥാപിച്ചുനൽകാമെന്ന് ദേശീയപാതാ അധികൃതർ അറിയിച്ചു. അതിന് രണ്ടാഴ്‌ച അനുവദിക്കാൻ ധാരണയായി. ബൈപാസിന് താഴെ വെള്ളക്കെട്ട് പരിഹരിക്കാനും മെറ്റൽ വിരിച്ച് യാത്ര സുഗമമാക്കാനും തീരുമാനിച്ചു. നഗരസഭാധ്യക്ഷൻ എസ് സോബിന്റെ അധ്യക്ഷതയിലായിരുന്നു യോഗം. ഉപാധ്യക്ഷ എൻ എൽ വത്സലകുമാരി, സ്ഥിരംസമിതി അധ്യക്ഷരായ അഥീന രാജു, ടോമി എബ്രഹാം, എസ് സനീഷ്, കൗൺസിലർമാരായ സി ഡി ശങ്കർ, കെ സി ആന്റണി, ടെസി ബോണി, ഡി ജ്യോതിഷ്, സെക്രട്ടറി ടി കെ സുജിത് എന്നിവർ സംസാരിച്ചു.









0 comments