പ്രതിഷേധം ഉയർത്തി തീരവാസികൾ

തവണക്കടവ് കായലിലെ അനിയന്ത്രിത മണൽഖനനത്തിനെതിരെ നാട്ടുകാർ പ്രതിഷേധിക്കുന്നു
സ്വന്തംലേഖകൻ
Published on May 04, 2026, 12:27 AM | 1 min read
ചേർത്തല
പള്ളിപ്പുറം തവണക്കടവ് കായലിലെ ഡ്രഡ്‌ജിങ്ങിനെതിരെ തീരസംരക്ഷണ സമിതി നേതൃത്വത്തിൽ പ്രകടനവും സമ്മേളനവും സംഘടിപ്പിച്ചു. കായലിന്റെയും തീരമേഖലയുടെയും നിലനിൽപ്പ് അവതാളത്തിലാക്കുന്ന അനിയന്ത്രിത ഡ്രഡ്‌ജിങ് അവസാനിപ്പിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. വിശാലമായ കായലിൽ പലയിടങ്ങളിൽനിന്ന് ശാസ്‌ത്രീയമായി എടുക്കേണ്ട മണൽ ഒരിടത്തുനിന്നുതന്നെ വലിയതോതിൽ മാസങ്ങളായി കുഴിക്കുകയാണ്. 500 മീറ്റർ ചുറ്റളവിൽ മൂന്നാമത്തെ ഡ്രഡ്‌ജറും എത്തിയതോടെയാണ് നാട്ടുകാർ പ്രതിഷേധവുമായി രംഗത്തുവന്നത്. മണലും ചെളിയും ക്രമാതീതമായി വലിച്ചെടുക്കുന്നത് കക്കാ വാരുന്ന നൂറുകണക്കിന് തൊഴിലാളികളെ പ്രതിസന്ധിയിലാക്കി. കക്കയുടെ പ്രജനനം ഇല്ലാതാകുന്നത് ദൂരവ്യാപക പ്രതിസന്ധി സൃഷ്‌ടിക്കുമെന്ന് തൊഴിലാളികൾ പറയുന്നു. ഡ്രഡ്‌ജിങ്ങിൽ രൂപപ്പെട്ട ആഴമേറിയ കുഴികളിൽ നീട്ടുവല താഴുമെന്നതിനാൽ മത്സ്യത്തൊഴിലാളികളും ആശങ്കയിലാണ്. പള്ളിപ്പുറം മാട്ടേൽ തുരുത്തിൽനിന്ന് 50 മീറ്റർ പോലും ദൂരത്തിലല്ലാതെയാണ് മണലൂറ്റ്. തുരുത്തും വീടുകളും പള്ളിയും ഇല്ലാതാകാൻ സാധ്യതയുണ്ടെന്ന് തീരവാസികൾ പറയുന്നു. മൂന്നര കിലോമീറ്റർ വീതിയുള്ള കായലിൽ 200 മീറ്റർ പരിധിയിലാണ് യഥേഷ്‌ടം ഖനനം. രാത്രി കുറഞ്ഞത് 200 കൂറ്റൻ ടോറസുകളിലാണ് തീരത്തെ പ്രകന്പനം സൃഷ്‌ടിച്ച് ദിവസവും മണൽ കൊണ്ടുപോകുന്നത്. മികവോടെ നിർമിച്ച റോഡുകൾ താഴ്‌ന്ന് തകർച്ചയിലാണ്. ജപ്പാൻ കുടിവെള്ള പദ്ധതിയുടെ കുഴൽ പലയിടങ്ങളിലും തകർന്ന് കുടിവെള്ളം ചോരുന്നു. വീടുകൾ ഉൾപ്പെടെ നിർമിതികൾക്ക് വിള്ളൽ വീണുതുടങ്ങി. തീരവാസികൾക്ക് കടുത്ത ദുരിതമായതോടെയാണ് തീരസംരക്ഷണ സമിതി രൂപീകരിച്ച് നാട്ടുകാർ പ്രതിഷേധിച്ചത്. പ്രതിഷേധയോഗത്തിൽ സമിതി ചെയർമാൻ പി ഡി സബീഷ് അധ്യക്ഷനായി. കൺവീനർ സെന്തോ, എം ടി മോഹനൻ, കെ ആർ രാജേന്ദ്രൻ, വി ബി ഉണ്ണി, ടി വി സഹജൻ, ബിജു പണിക്കശേരി, പി കെ പ്രബീഷ്‌കുമാർ, ജ്യോതിഷ്, അഭിജിത്, കെ ആർ ദിവാകരൻ എന്നിവർ സംസാരിച്ചു.










0 comments