ad
Deshabhimani

മത്സ്യത്തൊഴിലാളികൾക്കുള്ള പദ്ധതി 
വെട്ടിക്കുറയ്‌ക്കരുത്‌: സജി ചെറിയാൻ

saji cheriyan
വെബ് ഡെസ്ക്

Published on Jun 24, 2026, 02:50 AM | 1 min read

തിരുവനന്തപുരം

ബജറ്റിൽ പ്രഖ്യാപിച്ച ആരോഗ്യ, വിദ്യാഭ്യാസ മേഖലയിലെ ഡെസ്‌റ്റിനേഷൻ പോയിന്റിൽ സ്വകാര്യവൽക്കരണത്തിന്റെ ആശയമുണ്ടെന്ന്‌ സജി ചെറിയാൻ. ഇ‍ൗ രണ്ടു മേഖലയും യാതൊരു കാരണവശാലും സ്വകാര്യവൽക്കരിക്കരുത്‌. അത്‌ കേരളത്തിന്റെ ഭാവിയെ തകർക്കും. പാവപ്പെട്ട മത്സ്യത്തൊഴിലാളികൾക്ക്‌ നൽകേണ്ട പണം സർക്കാർ പിടിച്ചുവയ്‌ക്കരുതെന്നും അദ്ദേഹം നിയമസഭയിൽ ബജറ്റ്‌ ചർച്ചയിൽ ആവശ്യപ്പെട്ടു. കേന്ദ്രത്തിൽനിന്നുള്ള വിഹിതം കിട്ടുമെന്ന പ്രതീക്ഷയിൽ എൽഡിഎഫ്‌ സർക്കാർ അവതരിപ്പിച്ച ബജറ്റിലെ പദ്ധതി അടങ്കൽ 30,370 കോടി രൂപയായാണ്‌ കുറച്ചത്‌. മത്സ്യമേഖലയിൽ മാത്രം 73 കോടി കുറച്ചു. 484.10 കോടി രൂപയാണ്‌ എൽഡിഎഫ്‌ നിശ്‌ചയിച്ചത്‌. പുതുക്കിയ ബജറ്റിൽ 410.19 കോടിയേയുള്ളു. മത്സ്യമേഖലയിലെ വിദ്യാഭ്യാസ മേഖലയ്‌ക്കുള്ള 35 കോടി, പഞ്ഞമാസത്തിൽ സഹായിക്കാനുള്ളതിൽനിന്ന്‌ 44 കോടി, മത്സ്യകൃഷി വികസനം 40 ശതമാനം എന്നിങ്ങനെ വെട്ടിക്കുറച്ചു. ധൂർത്തോ മറ്റു ചെലവുകളോ കുറച്ച്‌ ഇ‍ൗ പണം മത്സ്യത്തൊഴിലാളികൾക്കുതന്നെ നൽകാൻ സർക്കാർ തയ്യാറാകണം. പത്തുവർഷമായി രണ്ടു ലക്ഷം കോടിയിലേറെ രൂപ വിവിധ ഇനങ്ങളിലായി കേന്ദ്രം കേരളത്തിന്‌ തരാനുണ്ട്‌. ഇത്‌ ബജറ്റിൽ പരാമർശിക്കണം. കിഫ്‌ബിയെ മോഡിഫൈ ചെയ്യണമെന്ന്‌ മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ടെങ്കിലും അതിനെ തകർക്കരുത്‌. കാരണം കേരളത്തിന്റെ ദേശീയപാത, പിഡബ്ല്യുഡി റോഡുകൾ, നാനൂറോളം പാലങ്ങൾ, ആയിരക്കണക്കിന്‌ സ്‌കൂൾ, കോളേജ്‌, ആശുപത്രി കെട്ടിടങ്ങൾ, മലയോര ഹൈവേ, ദേശീയ ജലപാത, കുടിവെള്ളപദ്ധതി എന്നിവ രാഷ്‌ട്രീയ വ്യത്യാസമില്ലാതെ എല്ലാ മണ്ഡലങ്ങളിലും ലഭിച്ചിട്ടുണ്ട്‌. അതിന്‌ എന്തെങ്കിലും കുറവുണ്ടെങ്കിൽ ചർച്ചചെയ്‌ത്‌ പരിഹരിക്കുന്നതിന്‌ പകരം പൂർണമായും തകർക്കരുത്‌– സജി ചെറിയാൻ ആവശ്യപ്പെട്ടു. ​



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home