നാടിന്റെ മുഖച്ഛായ മാറ്റുന്ന വികസനം: പി എ മുഹമ്മദ് റിയാസ്

മന്ത്രി പി എ മുഹമ്മദ് റിയാസ് ഓണ്‍ലൈനായി ഉദ്ഘാടനംചെയ്‍ത കൊമ്മാടി‑മട്ടാഞ്ചേരി റോഡ് പി പി ചിത്തരഞ്ജൻ എംഎൽഎ തുറന്നുനല്‍കുന്നു
ആലപ്പുഴ
നാടിന്റെ മുഖച്ഛായ മാറ്റും വിധമുള്ള അടിസ്ഥാന സൗകര്യ വികസനമാണ് എൽഡിഎഫ് സർക്കാർ നടത്തിയതെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. കൊമ്മാടി–-മട്ടാഞ്ചേരി റോഡ്, ആറാട്ടുവഴി, പോപ്പി പാലങ്ങൾ എന്നിവ ഓൺലൈനായി ഉദ്ഘാടനംചെയ്യുകയായിരുന്നു മന്ത്രി. കഴിഞ്ഞ 10വർഷം കൊണ്ട് ആലപ്പുഴ കൈവരിച്ചത് 30വർഷത്തെ നേട്ടങ്ങളാണ്. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സർക്കാർ നടത്തുന്ന നിശ്ചയദാർഢ്യത്തോടെയുള്ള പ്രവർത്തനമാണ് വികസന കുതിപ്പിന് ആധാരമെന്നും മന്ത്രിപറഞ്ഞു. കിഫ്ബിയുടെ സാമ്പത്തിക സഹായത്തോടെ കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്പ്മെന്റ് കോർപറേഷനാണ് പാലങ്ങൾ നിർമിച്ചത്. നാലുകോടി ചെലവഴിച്ചു പൂർത്തിയാക്കിയവയിൽ ആറാട്ടുവഴി പാലം 13.20 മീറ്റർ നീളത്തിലും 7.5 മീറ്റർ വീതിയിലുമാണുള്ളത്. എഎസ് കനാലിന് കുറുകെ 13.20 മീറ്റർ നീളത്തിലും മൂന്നുമീറ്റർ വീതിയിലുമാണ് പോപ്പി പാലം. കേരള റോഡ് ഫണ്ട് ബോർഡ് 12.5കോടി ചെലവഴിച്ചാണ് 1.90കിലോമീറ്ററുളള കൊമ്മാടി–-മട്ടാഞ്ചേരി റോഡ് ബിഎം ബിസി നിലവാരത്തിലാക്കിയത്. ഏഴുമീറ്റർ വീതിയുള്ള വിപുലമായ ക്യാരേജ് വേ, 1.20മീറ്റർ വീതിയുള്ള ടൈൽ പാകിയ നടപ്പാത, ഒരുമീറ്റർ വീതിയുള്ള ഓട, 12ക്രോസ് ഡ്രെയിനേജുകൾ എന്നിവ ഉൾപ്പെടുന്നു. പി പി ചിത്തരഞ്ജൻ എം എൽ എ അധ്യക്ഷനായി. കെആർഎഫ്ബി എക-്‌സിക്യൂട്ടീവ് എൻജിനിയർ ബി ദീപ റിപ്പോർട്ട് അവതരിപ്പിച്ചു. കലക്ടർ അലക്സ് വർഗീസ്, കൗൺസിലർമാരായ ബീന ജോസഫ്, ബെന്നി ജോസഫ്, പി എസ് എം ഹുസൈൻ, എം കെ നിസാർ, എ ഷാനവാസ്, പി വി വേണുഗോപാൽ, സിഡിഎസ് ചെയർപേഴ്സൺ ഹെലൻ ഫെർണാണ്ടസ്, കെഐഐഡിസി ഡെപ്യൂട്ടി ജനറൽ മാനേജർ ഹരൺ ബാബു എന്നിവർ സംസാരിച്ചു.










0 comments