ജില്ലാപഞ്ചായത്ത് വികസന സെമിനാർ
വികസനപദ്ധതികൾ തയ്യാറാക്കുന്നത് ജനകീയാസൂത്രണ അനുഭവങ്ങൾ മുൻനിർത്തി: പി പ്രസാദ്

ജില്ലാ പഞ്ചായത്ത് വികസന സെമിനാർ മന്ത്രി പി പ്രസാദ് ഉദ്‌ഘാടനംചെയ്യുന്നു
ആലപ്പുഴ
കഴിഞ്ഞ കാൽനൂറ്റാണ്ടിലെ ജനകീയാസൂത്രണ അനുഭവങ്ങൾ മുൻനിർത്തിയാണ് സർക്കാർ വികസന പദ്ധതികൾ തയ്യാറാക്കുന്നതെന്ന് മന്ത്രി പി പ്രസാദ് പറഞ്ഞു. ജില്ലാ പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതി 2026–-27ന്റെ ഭാഗമായുള്ള വികസന സെമിനാർ ആലപ്പുഴ കർമസദൻ ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലയുടെ വരുംകാല വികസനപാത നിശ്ചയിക്കുകയെന്നതാണ് ഇത്തരം വികസന സെമിനാറുകളുടെ ലക്ഷ്യം. വികസനമെന്നത് റോഡുകളും കെട്ടിടങ്ങളും മാത്രമല്ല. ആരോഗ്യമുള്ള സമൂഹത്തെ സൃഷ്ടിക്കുക, ഓരോ കുടുംബത്തിനും സ്ഥിരവരുമാനം ഉറപ്പാക്കുക, മാന്യതയുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കുക എന്നിവയും വികസനത്തിന്റെ ഭാഗമാണെന്നും അതിനുള്ള പ്രവർത്തനങ്ങളാണ് സർക്കാർ നടപ്പാക്കുന്നതെന്നും മന്ത്രി പറഞ്ഞു. ജില്ലാ പഞ്ചായത്ത് 2026–-27 വാർഷിക പദ്ധതി രൂപീകരണത്തിനായി വിവിധ വർക്കിങ് ഗ്രൂപ്പുകൾ, ഗ്രാമസഭകൾ നൽകിയ നിർദേശങ്ങൾ ക്രോഡീകരിച്ചു തയ്യാറാക്കിയ കരട് പദ്ധതിരേഖ ചർച്ച ചെയ്ത് അംഗീകരിക്കുന്നതിന്റെ ഭാഗമായാണ് സെമിനാർ സംഘടിപ്പിച്ചത്. എച്ച് സലാം എംഎൽഎ കരട് പദ്ധതി രേഖ പ്രകാശിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ മഹേന്ദ്രൻ അധ്യക്ഷനായി. വൈസ് പ്രസിഡന്റ് ഷീന സനൽകുമാർ, സ്ഥിരംസമിതി അധ്യക്ഷരായ എസ് രാധാകൃഷ്ണൻ, സന്ധ്യാ ബെന്നി, ആർ രാഹുൽ, ഡി അംബുജാക്ഷി, ജില്ലാ പഞ്ചായത്ത് സെക്രട്ടറി വി പ്രദീപ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.











0 comments