24 ലക്ഷത്തിന്റെ പദ്ധതി നഗരസഭയുടേത്
ദേവീക്ഷേത്രത്തിലെ ശുചിമുറിസമുച്ചയ നിർമാണം ദേവസ്വംബോർഡ് തടഞ്ഞു

ചേര്‍ത്തല
കാര്‍ത്യായനി ദേവീക്ഷേത്രവളപ്പില്‍ ഭക്തർക്ക് വിമാനത്താവളത്തിലേതുപോലെ നഗരസഭ നേതൃത്വത്തിൽ സജ്ജമാക്കുന്ന ശുചിമറി സമുച്ചയ നിര്‍മാണം ദേവസ്വംബോർഡ് അധികൃതർ തടഞ്ഞു. ഉടമസ്ഥാവകാശത്തിലും നടത്തിപ്പ് ചുമതലയിലും വ്യക്തതയില്ലെന്ന കാരണത്താലാണ് നടപടി. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ അനുമതിയോടെ തുടങ്ങിയ നിര്‍മാണമാണ് പ്രാരംഭഘട്ടത്തിൽ മുടങ്ങിയത്. ഇരുനിലയിൽ നിർമാണത്തിനുള്ള അടിത്തറ പൂർത്തിയാകാറായപ്പോഴാണ് തടസപ്പെടുത്തൽ. നഗരസഭ വാര്‍ഷിക പദ്ധതിയില്‍ സ്വഛ് ഭാരത് മിഷന്‍ ധനസഹായത്തോടെയാണ് 24 ലക്ഷത്തിന്റെ നിര്‍മാണം. ഭക്തർക്ക് വിശ്രമസൗകര്യം ഒന്നാംനിലയില്‍ ഒരുക്കാന്‍ 20 ലക്ഷം കൂടി ലഭ്യമാക്കുന്ന ഘട്ടത്തിലാണ് നിര്‍മാണം മുടങ്ങിയത്. ക്ഷേത്രോപദേശക സമിതി ഉൾപ്പെടെ പദ്ധതിക്ക് ഒപ്പമാണ്. എന്നിട്ടും നിർമാണം തടഞ്ഞത് ദുരൂഹമാണ്. കഴിഞ്ഞ 26-നാണ് നിര്‍മാണം നിര്‍ത്താന്‍ നിര്‍ദേശം എത്തിയത്. അംഗപരിമിതര്‍ക്ക് രണ്ടെണ്ണം ഉൾപ്പെടെ സ്‌ത്രീകൾക്കും പുരുഷൻമാർക്കുമായി 16 ശുചിമുറികളാണ് പദ്ധതിയിലുള്ളത്. ആറ് മൂത്രപ്പുരകളും കൈകഴുകാന്‍ പ്രത്യേകകേന്ദ്രവും പദ്ധതിയിലുണ്ട്. നൂറുകണക്കിന് ഭക്തര്‍ക്ക് പ്രയോജനപ്രദമായ പദ്ധതിക്ക് 2024-ലാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അനുമതി നല്‍കിയത്. അതനുരിച്ചാണ് നിര്‍മാണം തുടങ്ങിയത്. പദ്ധതി പൂർത്തിയായാൽ ഉടമസ്ഥാവകാശവും നടത്തിപ്പും സംബന്ധിച്ച് വ്യക്തതയില്ലെന്നാണ് ദേവസ്വം ബോര്‍ഡ് അധികൃതരുടെ വാദം. മാലിന്യമുക്ത നവകേരളം കാമ്പയിൻ ഭാഗമായി സ്വഛ്ഭാരത് പദ്ധതിയില്‍ ക്ഷേത്രമതിലില്‍ ശുചിത്വസന്ദേശം പ്രദർശിപ്പിക്കാൻ സർക്കാര്‍ അനുമതി നല്‍കിയെങ്കിലും ബോര്‍ഡ് ഉദ്യോഗസ്ഥര്‍ എതിര്‍പ്പുയര്‍ത്തി. ഇതെല്ലാം വ്യക്തമായ ലക്ഷ്യത്തോടെയാണെന്നാണ് പരക്കെ ആക്ഷേപം ഉയരുന്നത്.









0 comments