നിലയ്‌ക്കില്ല, അമ്മ പകർന്ന താളം

കെ ബി ആരാധിക നൃത്തം പഠിപ്പിക്കുന്നു
എ എം യാസർ
Published on Sep 05, 2026, 12:05 AM | 1 min read
മലപ്പുറം
ചിലർക്ക് കല പഠിക്കുന്നത് ഒരു കാലത്തേക്കുള്ള ശീലമാണ്. എന്നാൽ കെ ബി ആരാധികയ്ക്ക് അതൊരു ജീവിതമാണ്. അമ്മയിൽനിന്ന് പകർന്നുകിട്ടിയ താളം ഇന്ന് മകളിലേക്കും പകരുകയാണവർ. മൂന്ന് തലമുറകളെ ബന്ധിപ്പിക്കുന്ന കലയുടെ ഈ യാത്രയ്ക്ക് തുടങ്ങീട്ട് 46 വർഷമായി. മതാപിതാക്കളായ കലാമണ്ഡലം സരോജിനിയും ബാലകൃഷ്ണനും കലാകാരന്മാരായിരുന്നു. 46 വർഷം മുമ്പ് ആരംഭിച്ച സംഗീത, നൃത്ത
സ്ഥാപനത്തിന്റെ ആദ്യകാലത്ത് കുട്ടികളെ പരിശീലിപ്പിക്കാൻ അമ്മ സരോജിനി മാത്രമാണുണ്ടായിരുന്നത്. തിരക്കേറിയപ്പോഴും ഫീസും വരുമാനവും ലക്ഷ്യമാക്കിയല്ല അവർ സ്ഥാപനം മുന്നോട്ടുകൊണ്ടുപോയത്. അമ്മയുടെ ആ കാഴ്ചപ്പാടാണ് ആരാധികയിലും വേരുറപ്പിച്ചത്. പ്രശസ്തിക്കോ പണത്തിനോ വേണ്ടിയല്ല കുട്ടികളെ അഭ്യസിപ്പിക്കുന്നത്. കല നൽകുന്ന സന്തോഷവും സമാധാനവുമാണ് അതിന്റെ പിന്നിലെ ശക്തി. പഠനത്തിന്റെ തിരക്കിനിടയിൽ കുട്ടികൾക്ക് കല നൽകുന്നത് ഒരു ആശ്വാസമാണ്. പത്താം ക്ലാസിലടക്കം പഠിക്കുന്ന കുട്ടികൾ കലാപഠനം ഉപേക്ഷിക്കാതെ മുന്നോട്ടുകൊണ്ടുപോകുന്നത് കാണുമ്പോൾ അധ്യാപികയ്ക്ക് സന്തോഷം. അമ്മ വിദേശത്തുപോയ സമയത്താണ് ആരാധിക കൂടുതൽ ഉത്തരവാദിത്വത്തോടെ ക്ലാസെടുക്കാൻ തുടങ്ങിയത്. അമ്മയുടെ ക്ലാസുകൾ കണ്ടുവളർന്നെങ്കിലും, അമ്മയുടെ അഭാവത്തിലാണ് അധ്യാപനത്തിന്റെ ഗൗരവം കൂടുതൽ തിരിച്ചറിഞ്ഞത്. പിന്നീട് കൊറിയോഗ്രാഫിയിലേക്കും തിരിഞ്ഞു. അധ്യാപകജീവിതത്തിലെ മറക്കാനാകാത്ത ഓർമയാണ് അനഘ എന്ന വിദ്യാർഥിനിയുടെ മോഹിനിയാട്ടത്തിലെ സംസ്ഥാനതല ഒന്നാം സ്ഥാനം. ജില്ലാതലത്തിൽ മൂന്നാം സ്ഥാനമായിരുന്നു. വിധിനിർണയത്തിൽ സംശയം തോന്നിയതിനെ തുടർന്ന് മാതാപിതാക്കൾ അപ്പീൽ നൽകി. സംസ്ഥാനതല മത്സരത്തിൽ അനഘ ഒന്നാമതെത്തി.
കലയുടെ ഈ യാത്ര അടുത്ത തലമുറയിലും തുടരുകയാണ്. ആരാധികയുടെ മകൾ സി ദേവി നന്ദന കഥകളി പഠിക്കുന്നുണ്ട്. കേരള സർവകലാശാലയിൽ ബിഎ മലയാളം വിദ്യാർഥിനിയായ നന്ദനയും പഠനത്തോടൊപ്പം കലയുടെ താളം ചേർത്തുപിടിക്കുന്നു. മാതാപിതാക്കൾ പകർന്നുതന്ന കഴിവുകൾ അടുത്ത തലമുറയ്ക്ക് കൈമാറുമ്പോൾ താനും വീണ്ടും പഠിക്കുകയാണെന്ന് ആരാധിക പറയുന്നു.








0 comments