ലയസാന്ദ്രമായി സായാഹ്നം

ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ് ഫെസ്റ്റ് ജില്ലാ വിജയികൾക്കുള്ള സമ്മാനദാന ചടങ്ങിലെത്തിയ ചലച്ചിത്ര താരം മീനാക്ഷി അനൂപിനോടൊപ്പം സെൽഫി എടുക്കുന്നവർ
ആലപ്പുഴ
സായംസന്ധ്യയിൽ മണലാരണ്യത്തിലെത്തിയവർ തിരയുടെ താളത്തിനൊത്ത് സംഗീതനിശയിൽ ലയിച്ചു. ആർത്തിരമ്പിയ തിരമാലകൾക്കും ആസ്വാദകവൃന്ദത്തിന്റെ നിറഞ്ഞ കൈയടികൾക്കും മീതെ സംഗീതത്തിന്റെ മഞ്ഞുതുള്ളികൾ പെയ്‌തിറങ്ങി. കിഴക്കിന്റെ വെനീസിന്റെ സിരകളിൽ സംഗീതത്തിന്റെ തീ പടർത്തിയ ഹിരൺമയത്തിൽ അലിഞ്ഞ് സംഗീതാസ്വാദകർ. തലമുറകൾ നെഞ്ചേറ്റിയ ഗാനങ്ങൾ അഭയ ഹിരൺമയിയുടെ മാന്ത്രിക ശബ്‌ദത്തിലൂടെ വീണ്ടും ഒഴുകിയെത്തിയപ്പോൾ തിങ്ങിനിറഞ്ഞ സദസും എല്ലാം മറന്ന് നൃത്തമാടി. ‘ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ് ഫെസ്‌റ്റ് 2025’ ജില്ലാതല മത്സരവിജയികൾക്കുള്ള സമ്മാനവിതരണച്ചടങ്ങിന് അകമ്പടിയായി ആലപ്പുഴ ബീച്ചിൽ സംഘടിപ്പിച്ച മെഗാ മ്യൂസിക് നൈറ്റ് തീരത്തിന് സമ്മാനിച്ചത് മറക്കാനാകാത്ത മനോഹര രാത്രി. വെസ്‌റ്റേൺ മോഡൽ ഗാനങ്ങളോടൊപ്പം പഴയതും പുതിയതുമായ ജനപ്രിയഗാനങ്ങൾ പുതുശൈലിയിൽ വേദിയിൽ കൊട്ടിപ്പാടിയപ്പോൾ ആസ്വാദകരുടെ ഹൃദയങ്ങളിൽ ആവേശം അലതള്ളി. കൂടെ ചലച്ചിത്രത്തിലെ പറന്നേ... ചെറുചിറകുകളടിച്ചുയരേ... എന്ന ഗാനത്തിൽ ആരംഭിച്ച സംഗീതനിശ പിന്നീട് കത്തിക്കയറി. ആയിരം കണ്ണുമായി, ഇല്ലുമിനാറ്റി, വാസ്‌കോ ഡ ഗാമ തുടങ്ങിയ തകർപ്പൻ ഗാനങ്ങളും സദസും ഏറ്റുപാടിയതോടെ തീരം സംഗീതത്തിൽ പൂർണമായി അലിഞ്ഞു. എൽവിസ് അന്റണി, അലൻ സി പയസ്, എം കെ, ഡി കെ ആഷിഖ്, ശങ്കു, തോമസ് പോൾ എന്നിവർ താളം പകർന്നപ്പോൾ ഹിരൺമയയും സ്‌നേഹ പ്രദീപും കാണികൾക്ക് പാട്ടിലൂടെ സംഗീതവിരുന്നൊരുക്കി. ആസ്വാദകരുടെയും സമ്മാനാർഹരായ അക്ഷരമുറ്റം പ്രതിഭകളുടെയും രക്ഷിതാക്കളുടെയും കാണികളുടെയും മനസും നിറച്ചാണ് മ്യൂസിക്കൽ നൈറ്റ് സമാപിച്ചത്.









0 comments