ഇരുട്ടിൽത്തപ്പി ലൈൻമാൻമാരും
പവർകട്ടിൽ ‘കട്ടാ’കുന്നു, ഫ്യൂസും

പി ആർ ദീപ്‌തി
Published on Sep 12, 2026, 02:07 AM | 1 min read
കൊല്ലം
സർക്കാരിന്റെ പവർകട്ടിൽ ‘കട്ടാ’കുന്നു ട്രാൻസ്‌ഫോർമറുകളുടെ ഫ്യൂസും. നാടിനെ മുഴുവൻ ഇരുട്ടിലാക്കിയ സർക്കാരിന്റെ കെടുകാര്യസ്ഥതയിൽ വൈദ്യുതി ബോർഡ് ജീവനക്കാരും വലയുകയാണ്. തുടർച്ചയായി ട്രാൻസ്‌ഫോർമറുകളുടെ ഡ്രോപ് ഒൗട്ട് ഫ്യൂസ് കത്തിപ്പോകുന്നതാണ് പ്രതിസന്ധിക്കു കാരണം. ഫ്യൂസ് കെട്ടാൻ അർധരാത്രിയിൽ ഉൾപ്പെടെ ഓടിനടക്കേണ്ട ഗതികേടിലാണ് ലൈൻമാൻമാരും മറ്റ് ജീവനക്കാരും. ഇരുപത്തഞ്ച് മിനിറ്റ് വീതം രണ്ടുനേരമാണ് സംസ്ഥാനത്ത് വൈദ്യതി നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ഇതുകൂടാതെ മിക്കയിടത്തും ഇടയ്‌ക്കിടെയുള്ള നിയന്ത്രണവുമുണ്ട്. തുടർന്ന് വൈദ്യുതിബന്ധം പുനഃസ്ഥാപിക്കുന്പോൾ വീടുകളിലും സ്ഥാപനങ്ങളിലും മറ്റുമുള്ള എസി, ഫ്രിഡ്‌ജ്, മോട്ടോർ തുടങ്ങി കംപ്രസറിന്റെ സഹായത്തോടെ പ്രവർത്തിക്കുന്ന ഉപകരണങ്ങളിലേക്ക് ഒറ്റയടിക്ക് വൈദ്യുതി പ്രവഹിക്കുന്പോൾ ഉണ്ടാകുന്ന അമിത ലോഡ് കാരണം ട്രാൻസ്‌ഫോർമറുകളിലെ ഡിഒ ഫ്യൂസും (ഡ്രോപ് ഒൗട് ഫ്യൂസ്), വിവിധ പ്രദേശങ്ങളിലേക്കുള്ള സെക്‌ഷൻ ഫ‍്യൂസും വ്യാപകമായി കത്തിപ്പോകുന്നു. ഇൗ ഫ്യൂസ് കെട്ടാനുള്ള പെടാപ്പാടിലാണ് ലൈൻമാൻമാർ അടക്കമുള്ള ജീവനക്കാർ. ഒരു വൈദ്യുതി സെക്‌ഷന് കീഴിൽ ശരാശരി 150 ട്രാൻസ്‌ഫോർമറാണുള്ളത്. സംസ്ഥാനത്ത് 780 സെക്‌ഷൻ ഓഫീസുകളിലായി 12000 ട്രാൻസ് ഫോർമറുണ്ട്. ഒരു സെക്‌ഷൻ ഓഫീസിൽ രാത്രി ഒരു ഓവർസിയറും രണ്ട് ലൈൻമാൻമാരുമാണ് ഡ്യൂട്ടിയിലുള്ളത്. ഇവർക്ക് എല്ലാ ട്രാൻസ്‌ഫോർമറുകളിലുമെത്തി യഥാസമയം പ്രതിസന്ധി പരിഹരിക്കാൻ കഴിയാത്ത അവസ്ഥയാണ്. ഇത്തരത്തിൽ വൈദ്യുതി പുനഃസ്ഥാപിക്കാൻ കഴിയാതെ വരുന്പോൾ ഉപയോക്താക്കളുടെ ശകാരത്തിനും പ്രതിഷേധത്തിനും കൂടി ഇവർ ഇരയാകുന്നു. രാത്രിയിലാണ് നിയന്ത്രണം എന്നു പറയുന്നുണ്ടെങ്കിലും പകലും അരമണിക്കൂറിലേറെ കട്ട് തുടരുന്നുണ്ട്. അപ്പോഴും സ്ഥിതി വ്യത്യസ്‌തമല്ല.










0 comments