തെക്കേക്കര ഗ്രന്ഥശാലാ മന്ദിരം ഇന്ന് നാടിന് സമർപ്പിക്കും

മണ്ണഞ്ചേരി
യുവാക്കളുടെ കൂട്ടായ്‌മയിൽ പിറവികൊണ്ട തെക്കേക്കര ആർട്സ് ആൻഡ് സ്‌പോർട്സ് ക്ലബ് ഗ്രന്ഥശാല ആൻഡ് വായനശാലയ്‌ക്ക് സ്വന്തം മന്ദിരമായി. ജില്ലാ പഞ്ചായത്തംഗം ആർ റിയാസ് മുൻകൈയെടുത്ത് അനുവദിപ്പിച്ച 20 ലക്ഷം രൂപ വിനിയോഗിച്ചാണ് കെട്ടിടം നിർമിച്ചത്. ശനി പകൽ മൂന്നിന് സാംസ്‌കാരിക ജാഥയ്‌ക്കുശേഷം ജില്ലാ പഞ്ചായത്ത് വൈസ്‌പ്രസിഡന്റ് ഷീന സനൽകുമാർ കെട്ടിടം ഉദ്ഘാടനംചെയ്യും. സാംസ്‌കാരിക സമ്മേളനം ജില്ലാ പഞ്ചായത്തംഗം ആർ റിയാസ് ഉദ്ഘാടനംചെയ്യും. ക്ലബ് പ്രസിഡന്റ് ഡി പ്രതാപൻ അധ്യക്ഷനാകും. പി കെ മേദിനി മുഖ്യസാന്നിധ്യമാകും. തുടർന്ന് ടാസ്‌ക് ഫെസ്‌റ്റ് 2026 നടക്കും. ഞായർ രാവിലെ എട്ടുമുതൽ കലാ സാഹിത്യമത്സരങ്ങൾ. വൈകിട്ട് മണ്ണഞ്ചേരി എസ്എച്ച്ഒ പി ജി മധു സമ്മാനദാനം നടത്തും. തുടർന്ന് ഗാനമേള. കയർ, കാർഷിക, നിർമാണമേഖലയിലും സർക്കാർ സർവീസിലും ജോലി ചെയ്‌തിരുന്ന യുവാക്കളുടെ സ്‌നേഹക്കൂട്ടായ്‌മ 40 വർഷം മുമ്പ് തുടങ്ങിയ ഓണാഘോഷത്തിൽനിന്നാണ് ക്ലബ്ബിന് തുടക്കമാകുന്നത്. ഓരോവർഷവും ഓണാഘോഷം കഴിയുമ്പോൾ മിച്ചം വരുന്ന തുക സ്വരുക്കൂട്ടി മണ്ണഞ്ചേരി ഫാക്‌ടറി ജങ്ഷന് സമീപം അഞ്ച് സെന്റ് സ്ഥലം വാങ്ങി. അവിടെ താൽക്കാലിക ഷെഡ് കെട്ടി വായനശാലയ്‌ക്ക് തുടക്കംകുറിച്ചു. ജനങ്ങളിൽനിന്ന് പുസ്‌തകങ്ങൾ സംഭാവനയായി സ്വീകരിച്ച് ഗ്രന്ഥശാലയും ക്രമീകരിച്ചു. ഗ്രന്ഥശാലയിൽ 2500ലേറെ പുസ്‌തകങ്ങളുണ്ട്.









0 comments