ad
Deshabhimani

നീലംപേരൂർ പൂരം പടയണിക്ക് സമാപനം

‘മാനസസരോവരത്തിൽ അരയന്നങ്ങളെത്തി’

നീലംപേരൂർ പൂരംപടയണിക്ക് സമാപനം കുറിച്ച് 
പള്ളി ഭഗവതി ക്ഷേത്രത്തിൽ വലിയന്നങ്ങൾ എഴുന്നള്ളിയപ്പോൾ
avatar
സ്വന്തം ലേഖകൻ

Published on Sep 12, 2026, 02:15 AM | 1 min read

ചങ്ങനാശേരി

അവിട്ടം നാളിൽ ചൂട്ടുപടയണിയോടെ ആരംഭിച്ച നീലം പേരൂർ പടയണി പൂരംനാളിൽ സമാപിച്ചു. വല്യന്നങ്ങളും 56 ചെറിയ അന്നങ്ങളും കളത്തിലെത്തി. കല്യാണസൗഗന്ധികം തേടിപ്പോയ ഭീമസേനൻ ഗന്ധമാതനഗിരി പർവതത്തിൽ എത്തുമ്പോൾ വനത്തിനു നടുവിൽ മാനസ സരോവരത്തിൽ നീന്തി തുടിക്കുന്ന അരയന്നങ്ങളെ കാണുന്ന കാഴ്ചയാണ് പൂരം പടയണിയായി നീലംപേരൂർ പള്ളി ഭഗവതി ക്ഷേത്രത്തിൽ അവതരിപ്പിച്ചത്. രാത്രി പത്തിന് ചേരമാൻപെരുമാൾ കോവിലിൽ പോയി അനുവാദം വാങ്ങിയശേഷം ചടങ്ങുകൾ തുടങ്ങി. ഒരുവല്യന്നവും രണ്ട് ചെറിയ അന്നവുമാണ്‌ ഇത്തവണ എഴുന്നള്ളിയത്. ഇതോടൊപ്പം ദേവിയുടെ നടയിൽ രണ്ട് ചെറിയഅന്നങ്ങളും വിശ്വാസികൾ 56 ചെറിയ പുത്തൻ അന്നങ്ങളെയും കാഴ്ചവച്ചു. ഇത്തവണ 56 പുത്തൻ അന്നങ്ങളാണ് പടയണിക്കളത്തിൽ എത്തിയത്. മൂന്നെണ്ണം തടിയിൽ തീർത്ത മരയന്നങ്ങളാണ്. ഒന്പതേക്കാൽ കോൽ ഉയരമുള്ള വല്യന്നമാണ് പ്രധാന ആകർഷണം. അഞ്ചേകാൽ കോൽ ഉയരമുള്ളതാണ്‌ മറ്റ് രണ്ട് അന്നങ്ങൾ. നാറാണത്ത് ഭ്രാന്തൻ മലമുകളിലേക്ക് കല്ലുരുട്ടിക്കയറ്റുന്ന കോലം, ഭദ്രകാളി, ജാംബവാൻ എന്നിവയാണ് പുതുതായി എത്തിയ കോലങ്ങൾ. ഭീമൻ, യക്ഷി, രാവണൻ, ഹനുമാൻ, സിംഹം, നീലംപേരൂർ നീലകണ്ഠൻ എന്ന ആന തുടങ്ങിയ പതിവ് കോലങ്ങളും അണിനിരന്നു. ‘വല്യന്നം വന്നടാ തെയ്ക്കുക തിന്തകം' എന്ന താളത്തിൽ ആൽത്തറയിൽ നിന്ന് ചൂട്ടുകറ്റകളുടെ പ്രഭയിലാണ് അന്നങ്ങളെ ദേവി നടയിലേക്ക് എഴുന്നള്ളിച്ചത്. ദേവിയുടെ വാഹനമായ സിംഹം എഴുന്നള്ളിയതോടെ ഈ വർഷത്തെ പടയണിക്ക്‌ സമാപനമായി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home