ദേശീയപാത നവീകരണം
പാർപ്പിട സമുച്ചയം പൊളിക്കുന്നത് സുരക്ഷയില്ലാതെ

നങ്ങ്യാർകുളങ്ങരയിലെ പാർപ്പിട സമുച്ചയത്തിന്റെ മുകളിൽ എസ്കവേറ്റർ ഉപയോഗിച്ച് പൊളിക്കുന്നു
കാർത്തികപ്പള്ളി
ദേശീയപാതയ്‌ക്ക് ഭൂമിയെടുക്കാൻ നങ്ങ്യാർകുളങ്ങരയിലെ പാർപ്പിടസമുച്ചയം സുരക്ഷാസംവിധാനങ്ങളില്ലാതെ പൊളിക്കുന്നത് അപകടഭീഷണി. കെട്ടിടത്തിന് ചുറ്റും സുരക്ഷാവേലിയും കോൺക്രീറ്റ് പാളികൾ വീണ് അപകടമുണ്ടാകാതിരിക്കാൻ സംവിധാനങ്ങളുമില്ല. ആലപ്പുഴ, ഹരിപ്പാട് ഭാഗങ്ങളിലേക്ക് പോകുന്ന ബസുകൾ ഇവിടെയാണ് നിർത്തുന്നത്. ദേശീയപാത നവീകരണം പുരോഗമിക്കുന്നതിനാൽ പാർപ്പിട സമുച്ചയത്തിന് സമീപം ടൊമ്പോ ട്രാവലറുകളും മറ്റ് സ്വകാര്യവാഹനങ്ങളും നിർത്തിയിടാറുണ്ട്. ഇത്രയും തിരക്കേറിയ സ്ഥലത്താണ് സുരക്ഷാസംവിധാനങ്ങളില്ലാതെ കൂറ്റൻ കെട്ടിടം പൊളിക്കുന്നത്. 30 മീറ്റർ ഉയരമായ കെട്ടിടത്തിൽ ക്രെയിൻ സഹായത്തോടെ എസ്‌കവേറ്റർ മുകളിലെത്തിച്ചാണ് പൊളിക്കുന്നത്. കോൺക്രീറ്റ് അവശിഷ്‌ടങ്ങളും പൊടിയും സമീപത്തെ റോഡിലും വീടുകളുടെ പരിസരത്തുമായി വീഴുന്നു. 10 നില കെട്ടിടത്തിൽ രണ്ട് ബ്ലോക്കിലായി 18 ഫ്ലാറ്റുണ്ട്. നങ്ങ്യാർകുളങ്ങര ശ്രീകൃഷ്‌ണസ്വാമി ക്ഷേത്രത്തിന്റെ എതിർവശത്തെ ഈ പാർപ്പിട സമുച്ചയത്തിലുണ്ടായിരുന്ന ലിഫ്റ്റുകളും കട്ടളകളും ജനലുകളും നേരത്തെ ഇളക്കിമാറ്റിയിരുന്നു. കോൺക്രീറ്റ് ഭാഗങ്ങളും ഭിത്തിയുമാണ് അവശേഷിക്കുന്നത്. എട്ടുവർഷം നീണ്ട നിയമപോരാട്ടങ്ങൾക്കൊടുവിലാണ് കെട്ടിടം പൊളിക്കാൻ തീരുമാനിച്ചത്. ദേശീയപാതാ അതോറിറ്റി കരാറുകാർക്ക് നൽകിയ ജോലി പ്രാദേശിക കരാറുകാരാണ് ചെയ്യുന്നത്.










0 comments