കെ പ്രഭാകരൻ: പ്രതിരോധത്തിന്റെ കോട്ടകെട്ടിയ പോരാളി


സ്വന്തം ലേഖകൻ
Published on Nov 21, 2026, 02:07 AM | 1 min read
അരൂർ
കാക്കത്തുരുത്ത് ദ്വീപിലെ ജന്മിത്വത്തിന്റെയും ഗുണ്ടാവിളയാട്ടത്തിന്റെയും നെഞ്ചിലേക്ക് തൊഴിലാളിവർഗത്തിന്റെ ചെറുത്തുനിൽപ്പിന്റെ തീപ്പൊരി പടർത്തിയ പോരാളിയായിരുന്നു അന്തരിച്ച കെ പ്രഭാകരൻ. ദ്വീപിലെ കർഷകത്തൊഴിലാളികൾക്കും തെങ്ങുകയറ്റ തൊഴിലാളികൾക്കും തൊഴിൽ നിഷേധിച്ച്, പുറത്തുനിന്നെത്തിയ കരിങ്കാലികളെയും ആർഎസ്എസ് ഗുണ്ടകളെയും ഉപയോഗിച്ച് ജന്മിമാർ അഴിഞ്ഞാടിയപ്പോൾ പട്ടിണിയിലായ തൊഴിലാളികളെ സംഘടിപ്പിച്ച് പ്രതിരോധത്തിന്റെ കോട്ടകെട്ടിയത് പ്രഭാകരൻ അടക്കമുള്ള യുവരക്തങ്ങളായിരുന്നു. ഒടുവിൽ ഗുണ്ടകളെ ദ്വീപിൽനിന്ന് തുരത്തിയോടിക്കുകയും തൊഴിലും കൂലിയും നേടിയെടുക്കുകയും ചെയ്ത ഐതിഹാസിക സമരമാണ് കെ പ്രഭാകരൻ എന്ന പോരാളിയെ രൂപപ്പെടുത്തിയത്. അരനൂറ്റാണ്ടിലധികം നീണ്ട പൊതുജീവിതം കർഷകത്തൊഴിലാളികളുടെ അവകാശങ്ങൾക്കായി അദ്ദേഹം സമർപ്പിച്ചു. കേരളമാകെ അലയടിച്ച കുടികിടപ്പ് പ്രക്ഷോഭ സമരങ്ങൾക്ക് നേതൃപരമായ പങ്കുവഹിച്ച പ്രഭാകരൻ, അരൂരിലെ പാർടിയും കർഷകത്തൊഴിലാളി പ്രസ്ഥാനവും കെട്ടിപ്പടുക്കുന്നതിൽ ത്യാഗനിർഭരമായ പങ്കുവഹിച്ചു. സമരമുഖങ്ങളിൽ ജന്മിമാരുടെ ഗുണ്ടകളുടെയും പൊലീസിന്റെയും ക്രൂരമർദനങ്ങൾക്ക് ഇരയാകേണ്ടിവന്ന അദ്ദേഹം മാസങ്ങളോളം ജയിൽവാസവും അനുഭവിച്ചിട്ടുണ്ട്. സംഘാടന മികവ് അദ്ദേഹത്തെ പാർടി ഏരിയ സെക്രട്ടറിയുടെ ഉത്തരവാദിത്തത്തിൽ എത്തിച്ചു. മികച്ച ഭരണാധികാരി, സഹകാരി എന്നീ നിലകളിലും കെ പ്രഭാകരൻ ജനങ്ങളുടെ അംഗീകാരം നേടി. കോടംതുരുത്ത് പഞ്ചായത്ത് പ്രസിഡന്റായി പ്രവർത്തിച്ച കാലയളവിൽ പാവപ്പെട്ട തൊഴിലാളികളുടെ ക്ഷേമത്തിനായി നിരവധി മാതൃകാ പദ്ധതികൾ നടപ്പാക്കി. കർഷകത്തൊഴിലാളി യൂണിയൻ ഏരിയ സെക്രട്ടറി, ജില്ലാ വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ ഒട്ടേറെ കർഷക പോരാട്ടങ്ങൾക്ക് നേതൃത്വം നൽകി. ജില്ലാ സഹകരണ ബാങ്ക്, എഴുപുന്ന തെക്ക് സർവീസ് സഹകരണ ബാങ്ക് എന്നിവയുടെ ഡയറക്ടർ ബോർഡംഗമായും അദ്ദേഹം ശ്രദ്ധേയമായ പ്രവർത്തനം കാഴ്ചവച്ചു. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് വിശ്രമജീവിതത്തിലായിരുന്നപ്പോഴും നാട്ടിലെ പൊതുകാര്യങ്ങളും രാഷ്ട്രീയ ചലനങ്ങളും വായിച്ചും കേട്ടും അറിയാൻ അന്ത്യകാലം വരെയും അദ്ദേഹം അതീവ താൽപ്പര്യം കാണിച്ചിരുന്നു. അരൂരിന്റെ തൊഴിലാളിവർഗ പ്രസ്ഥാനത്തിന് നികത്താനാവാത്ത നഷ്ടമാണ് അദ്ദേഹത്തിന്റെ വിയോഗം.









0 comments