പൂങ്കാവ് പള്ളിയിൽ ഇന്ന് ദീപക്കാഴ്‌ച

പൂങ്കാവ് പള്ളിയിൽ വിശുദ്ധ വാരാചരണത്തോടനുബന്ധിച്ച് നേർച്ചക്കഞ്ഞിക്കുള്ള മാങ്ങ അച്ചാർ തയ്യാറാക്കുന്ന വിശ്വാസികൾ
ആലപ്പുഴ
തീർഥാടനകേന്ദ്രമായ ആലപ്പുഴ പൂങ്കാവ് പള്ളിയിലെ പെസഹാരാവിനെ പ്രഭാമയമാക്കി വ്യാഴാഴ്‌ച സ്നേഹദീപങ്ങൾ മിഴിതുറക്കും. വൈകിട്ട് ആറിന് ആരംഭിക്കുന്ന തിരുവത്താഴ പൂജയ്‌ക്കും ദിവ്യബലിക്കും ശേഷമായിരിക്കും ദീപാർച്ചന. രാത്രി എട്ടുമുതൽ പുലർച്ചെവരെ പതിനായിരത്തോളം എണ്ണവറ്റാത്ത നിലവിളക്കുകൾ വിശാലമായ പള്ളിമൈതാനത്തിൽ തെളിഞ്ഞുനിൽക്കും. നാനാജാതി മതസ്ഥരായ വിശ്വാസികൾ ചടങ്ങിൽ പങ്കുചേരും. തിരുവത്താഴപൂജയിൽ ഇടവക വികാരി റവ. ഫാ.സേവ്യർ ചിറമേൽ മുഖ്യകാർമികത്വം വഹിക്കും. കാലുകഴുകൽ ശുശ്രൂഷയും പരിശുദ്ധ കുർബാന സ്ഥാപനവും നടക്കും. തുടർന്നാകും ദീപക്കാഴ്ച സമർപ്പണം. രാത്രി എട്ടുമുതൽ 12 വരെ പരസ്യാരാധനയും 12 മുതൽ കുരിശിന്റെ വഴിയും. രാത്രി 11മുതൽ തിരുസ്വരൂപം വിശ്വാസികൾക്ക് പൊതു ദർശനത്തിനായി സമർപ്പിക്കും. രാത്രി 11ന് നേർച്ച കഞ്ഞിവയ്‌പാരംഭം ആശിർവാദം കൊച്ചി രൂപത മെത്രാൻ. ഡോ. ആന്റണി കാട്ടിപ്പറമ്പിൽ നടത്തും. പ്രത്യേക ബസ് സർവീസുകൾ ചേർത്തല, ആലപ്പുഴ ഡിപ്പോകളിൽനിന്ന് പൂങ്കാവിലേക്ക് കെഎസ്ആർടിസി, പ്രൈവറ്റ് ബസുകൾ പ്രത്യേക സർവീസുകൾ നടത്തും. ഫാസ്റ്റ്, സൂപ്പർ ഫാസ്റ്റ് ബസ്സുകൾക്ക് പൂങ്കാവ് ഹൈവേ ജങ്ഷനിൽ സ്റ്റോപ്പ് ഉണ്ടായിരിക്കും. പൊലീസ്, അഗ്നിരക്ഷാസേന, ആരോഗ്യ വകുപ്പ് എന്നിവയുടെ സേവനം തീർഥാടകർക്ക് ഈ ദിവസങ്ങളിൽ ലഭ്യമാണ്. ദൂരസ്ഥലങ്ങളിൽനിന്ന് വരുന്നവർക്ക് പ്രത്യേക പാർക്കിങ് സൗകര്യം ലഭ്യമാണ്.










0 comments