ad
Deshabhimani

പഞ്ചാരിമേളത്തിൽ അമേരിക്കയിൽ അരങ്ങേറ്റം

ജീവതാളം മുറുക്കി ഡോ. സുമിയുടെ 
‘മയോ ജാലം’

sumi
വെബ് ഡെസ്ക്

Published on Aug 12, 2026, 02:11 AM | 1 min read

വയലാർ

സ്‌റ്റെതസ്‌കോപ്പിൽ തൊട്ടറിഞ്ഞ ഹൃദയമിടിപ്പുകളുടെ ജീവതാളം പോലെ മേളമധുരം ഇടമുറിയാതെ ചെണ്ടക്കോലിലേക്ക് പകരുകയാണ്‌ ഡോ. സുമി. അമേരിക്കയിലെ ലോകപ്രശസ്ത അർബുദ ചികിത്സ കേന്ദ്രമായ മയോ ക്ലിനിക്കിലെ അവയവമാറ്റ വിദഗ്ധ സുമി നായർക്ക് മേളം കേവലമൊരു വിനോദമല്ല. ഉടലിലെ ഓരോ ജീവകോശങ്ങളിലും തുടിക്കുന്ന ജന്മനാടിന്റെ താളമാണ്‌. ട്രാൻസ് പ്ലാന്റ് നെഫ്രോളജിസ്റ്റിന്റെ തിരക്കേറിയ ജോലിത്തിരക്കുകൾക്കിടയിലും രണ്ടുവർഷത്തെ കഠിന പരിശ്രമത്തിലൂടെയാണ്‌ ഈ വയലാറുകാരി പഞ്ചാരിമേളത്തിന്റെ താളപ്പെരുക്കം തീർക്കുന്നത്‌. യേൽ, സ്റ്റാൻഫോർഡ് സർവ്വകലാശാലകളിലായാണ് സുമി വൈദ്യപഠനം പൂർത്തിയാക്കിയത്. ചെറുപ്പം മുതലേ ചെണ്ടമേളത്തോട് കമ്പമായിരുന്നു. അമേരിക്കയിൽ പരിശീലനം നൽകുന്ന കലാമണ്ഡലം ശിവദാസ്, കലാക്ഷേത്ര രാജേഷ് നായർ എന്നിവരുടെ കീഴിൽ പരിശീലനം. വിവിധനാടുകളിൽ നിന്നുള്ളവരും ഒപ്പമുണ്ടായിരുന്നു. മേസ ആര്യ ഇവന്റ് സെന്ററിൽ വലിയ സദസിനുമുന്നിൽ 20പേർക്കൊപ്പമായിരുന്നു അരങ്ങേറ്റം. അവയവമാറ്റ ചികിത്സാരംഗത്തെ അന്താരാഷ്ട്രതലത്തിൽ അംഗീകാരം നേടിയ വിദഗ്ധയാണ് ഡോ. സുമി നായർ. പുതുതലമുറയിലെ ഡോക്ടർമാർക്കായി ക്ലാസെടുക്കുന്നുണ്ട്. ട്രാൻസ്‌ പ്ലാന്റ് നെഫ്രോളജി ഫെലോഷിപ് അക്രഡിറ്റേഷൻ കമ്മിറ്റിയിലും പ്രോഗ്രാം ഡയറക്ടർമാരുടെ കമ്മിറ്റിയിലും അംഗമാണ്. വയലാർ പാറേഴത്ത് ശ്രീദേവി നായരുടെയും പരേതനായ സുകുമാരൻ നായരുടെയും മകളാണ്. വൈദ്യ ബിരുദാനന്തര ബിരുദ വിഭാഗത്തിലെ ഏറ്റവും മികച്ച പ്രോഗ്രാം ഡയറക്ടർ പുരസ്കാരവും മയോ ക്ലിനിക്കിലെ ഏറ്റവും മികച്ച ചികിത്സകരിൽ ഒരാൾക്കുള്ള അംഗീകാരവും ഗോൾഡൻ ആപ്പിൾ അവാർഡും നേടിയിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home