നഗരവീഥികളിൽ ആവേശം വിതറി സാംസ്‌കാരിക ഘോഷയാത്ര

71-–ാമത് നെഹ‍്റുട്രോഫി വള്ളംകളിയുടെ ഭാഗമായി സംഘടിപ്പിച്ച സാംസ‍്കാരിക ഘോഷയാത്ര കലക‍്ടർ അലക്സ് വർഗീസ് ഫ്ലാഗ‍്ഓഫ‍്ചെയ്യുന്നു
ആലപ്പുഴ
ആലപ്പുഴയുടെ നഗരവീഥികളിൽ വള്ളംകളിയാവേശം നിറച്ച് സാംസ്‌കാരിക ഘോഷയാത്ര. നെഹ്‌റുട്രോഫി വള്ളംകളിക്ക് മുന്നോടിയായി നഗരസഭ സംഘടിപ്പിച്ച ഘോഷയാത്ര കലക്‌ടറേറ്റിൽ എൻടിബിആര്‍ സൊസൈറ്റി ചെയർമാൻ കലക്‌ടർ അലക്സ് വർഗീസ് ഫ്ലാഗ് ഓഫ് ചെയ്‌തു.
വെള്ളക്കുതിരയുടെയും പഞ്ചാരിമേളത്തിന്റെയും അകമ്പടിയോടെ ആരംഭിച്ച ഘോഷയാത്രയിൽ മാവേലി, വാമനൻ, അമ്മൻകുടം, പഞ്ചവാദ്യം, റോളർ സ്‌കേറ്റിങ് സംഘം, ശിങ്കാരിമേളം, ബാൻഡ് സെറ്റ്, പുരാണവേഷങ്ങള്‍, കൊട്ടക്കാവടി, പൊയ്‌ക്കാല്‍ മയില്‍, തെയ്യം പ്ലോട്ടുകള്‍, വഞ്ചിപ്പാട്ട്, കൊയ്‌ത്ത് വേഷത്തിൽ കുട്ടികൾ തുടങ്ങിയ രൂപങ്ങൾ അണിനിരന്നു. ജനപ്രതിനിധികൾ, കലാ, കായിക, സാംസ്‌കാരിക രംഗത്തെ പ്രമുഖർ, സ്‌കൂള്‍, കോളേജ് വിദ്യാര്‍ഥികൾ, സ്‌റ്റുഡന്റ് പൊലീസ് അംഗങ്ങൾ, കുടുംബശ്രീ പ്രവര്‍ത്തകര്‍, അങ്കണവാടി- –ആശാവര്‍ക്കര്‍മാര്‍, ഹരിതകര്‍മസേനാംഗങ്ങള്‍ തുടങ്ങിയവർ ഘോഷയാത്രയിൽ അണിനിരന്നു.
വള്ളംകളിയുടെ ആവേശം നിറഞ്ഞുനിൽക്കുന്ന സായാഹ്നത്തിൽ ഘോഷയാത്ര കാണാനും ഫോട്ടോകൾ പകർത്താനും ആയിരങ്ങളാണ് ആർപ്പോ വിളിയോടെ വഴിയിരികിൽ തടിച്ചുകൂടിയത്. വൻജനാവലിയുടെ അകമ്പടിയോടെ നീങ്ങിയ ഘോഷയാത്ര നാൽപ്പാലത്തിൽ സമാപിച്ചു. നഗരസഭാധ്യക്ഷ കെ കെ ജയമ്മ, ഉപാധ്യക്ഷൻ പി എസ് എം ഹുസൈൻ, സ്ഥിരംസമിതി അധ്യക്ഷരായ എം ജി സതീദേവി, നസീർ പുന്നയ്‌ക്കൽ, എ എസ് കവിത, എം ആർ പ്രേം, ആർ വിനീത തുടങ്ങിയവർ പങ്കെടുത്തു.








0 comments