സർക്കാർ അനാസ്ഥയ്‌ക്കെതിരെ സിപിഐ എം പ്രതിഷേധം

ജലസേചനവകുപ്പ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയറുടെ ഓഫീസിലേക്ക് സിപിഐ എം നടത്തിയ പ്രതിഷേധ പ്രകടനം
അമ്പലപ്പുഴ
കുട്ടനാടൻ ജനതയെ വെള്ളത്തിൽ മുക്കിയ സർക്കാർ അനാസ്ഥയ്‌ക്കെതിരെ സിപിഐ എം പ്രതിഷേധിച്ചു. തോട്ടപ്പള്ളി സ്പിൽവേ വഴി ഒഴുക്ക് സുഗമമാക്കാൻ ആവശ്യമായ നടപടി സ്വീകരിക്കാത്തതിനെതിരെ സിപിഐ എം ഏരിയ കമ്മിറ്റിയാണ് ജലസേചന വകുപ്പ് അസിസ്‌റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയറുടെ ഓഫീസിന് മുന്നിലേക്ക് പ്രകടനവും ധർണയും സംഘടിപ്പിച്ചത്. ഒഴുകിയെത്തുന്ന ജലം കടലിലേക്ക് പുറംതള്ളുന്നതിന് പൊഴി മുറിക്കുന്നത് ഉൾപ്പടെയുള്ള നടപടികൾ മുൻ വർഷങ്ങളിൽ ചെയ്തിരുന്നു. എന്നാൽ ഇതിനാവശ്യമായ യോഗം ചേരുകയോ, മണൽ നീക്കുന്നതിനുള്ള ടെൻഡർ നടപടികളോ ഇത്തവണ കൈക്കൊണ്ടില്ല. സ്പിൽവേ ഷട്ടറുകളിൽ പ്ലാസ്റ്റിക്കുകളും തടിയും മരച്ചില്ലകളുമുൾപ്പടെയുള്ള ടൺ കണക്കിന് മാലിന്യങ്ങൾ അടിഞ്ഞതോടെയാണ് കടലിലേക്കുള്ള ഒഴുക്ക് കുറഞ്ഞത്. സ്പിൽവേയിൽ അടിഞ്ഞുകൂടിയ മാലിന്യങ്ങൾ അടിയന്തരമായി നീക്കണമെന്നും പൊഴിമുഖത്തെ മണൽ നീക്കം വേഗത്തിലാക്കണമെന്നും സിപിഐ എം ജലസേചന വകുപ്പ് അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എൻജിനിയറോട് ആവശ്യപ്പെട്ടു. ആവശ്യങ്ങൾ അടിയന്തരമായി നടപ്പാക്കാമെന്ന രേഖാമൂലമുള്ള ഉറപ്പിൽ സമരം അവസാനിപ്പിച്ചു. ചർച്ചയിൽ ജില്ലാ സെക്രട്ടറിയറ്റംഗം എച്ച് സലാം, ഏരിയ സെക്രട്ടറി സി ഷാംജി, ഏരിയാ കമ്മിറ്റി അംഗം അജ്മൽ ഹസൻ, പുറക്കാട് പഞ്ചായത്തംഗം ആർ ഉണ്ണി, മത്സ്യ തൊഴിലാളി യൂണിയൻ സംസ്ഥാന കമ്മിറ്റിയംഗം എ എസ് സുദർശനൻ എന്നിവർ പങ്കെടുത്തു. വൈ പ്രദീപ്, എം സോമൻ, കെ കൃഷ്‌ണമ്മ, കെ മോഹൻകുമാർ, സിഐടിയു ഏരിയ സെക്രട്ടറി ജെ ജയകുമാർ എന്നിവർ സംസാരിച്ചു.










0 comments