ad
Deshabhimani

ഇന്നറിയാം ജനവിധി

ആലപ്പുഴ എസ്ഡി കോളേജിലെ വോട്ടെണ്ണൽ കേന്ദ്രത്തിന് മുന്നിൽ കാവൽ നിൽക്കുന്ന സുരക്ഷാ ഉദ്യോഗസ്ഥൻ

ആലപ്പുഴ എസ്ഡി കോളേജിലെ വോട്ടെണ്ണൽ കേന്ദ്രത്തിന് മുന്നിൽ കാവൽ നിൽക്കുന്ന സുരക്ഷാ ഉദ്യോഗസ്ഥൻ

avatar
സ്വന്തംലേഖകൻ

Published on May 04, 2026, 12:30 AM | 1 min read

ആലപ്പുഴ

നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ തിങ്കൾ രാവിലെ എട്ടിന്‌ ആരംഭിക്കും. അരൂർ, ചേർത്തല, ആലപ്പുഴ മണ്ഡലങ്ങളുടെ വോട്ടെണ്ണൽകേന്ദ്രം സെന്റ് ജോസഫ്സ് ഹയർസെക്കൻഡറി സ്‌കൂൾ ഫോർ ഗേൾസിലാണ്‌. അമ്പലപ്പുഴ, കുട്ടനാട് മണ്ഡലങ്ങളുടേത് എസ്ഡി കോളേജിലും ഹരിപ്പാട്, കായംകുളം, മാവേലിക്കര, ചെങ്ങന്നൂർ മണ്ഡലങ്ങളുടേത് മാവേലിക്കര ബിഷപ്മൂർ കോളേജിലും. ആദ്യം പോസ്‌റ്റൽ ബാലറ്റുകളും പിന്നീട് ഇലക്‌ട്രോണിക് വോട്ടിങ്‌ മെഷീനുകളിലെ (ഇവിഎം) വോട്ടുകളും എണ്ണും. തെരഞ്ഞെടുപ്പ് കമീഷൻ നിയോഗിച്ച നിരീക്ഷകരുടെയും സ്ഥാനാർഥികൾ/ഏജന്റുമാർ എന്നിവരുടെയും സാന്നിധ്യത്തിലാണ് വോട്ടെണ്ണൽ. ഓരോ മണ്ഡലത്തിലെയും വോട്ടെണ്ണാൻ 14 ടേബിളുകൾ വീതവും പോസ്‌റ്റൽ ബാലറ്റുകൾ എണ്ണാൻ ഓരോ മണ്ഡലത്തിലെയും ബാലറ്റുകളുടെ എണ്ണം അടിസ്ഥാനമാക്കി ആവശ്യമായ ടേബിളുകളും സജ്ജീകരിച്ചു. കൗണ്ടിങ് സൂപ്പർവൈസർമാരും അസിസ്‌റ്റന്റുമാരും മൈക്രോ ഒബ്സർവർമാരും ഉൾപ്പെടെ 874 ഉദ്യോഗസ്ഥരാണ്‌ പ്രവർത്തിക്കുക. ജില്ലയിൽ ഒന്പത്‌ മണ്ഡലത്തിലായി ആകെ 48 സ്ഥാനാർഥികളാണ്‌ മത്സരരംഗത്തുള്ളത്‌. എട്ട്‌ പേർ മത്സരിക്കുന്ന കുട്ടനാടാണ്‌ ഏറ്റവും കൂടുതൽ. 
 ചേർത്തലയിൽ ഏഴും അരൂർ, ആലപ്പുഴ, ഹരിപ്പാട്‌ എന്നിവിടങ്ങളിൽ ആറുവീതവും സ്ഥാനാർഥികളുണ്ട്‌. അന്തിമ കണക്ക്‌ അനുസരിച്ച്‌ ജില്ലയിലെ പോളിങ്‌ 77.40 ശതമാനമാണ്‌. 8,11,641 പുരുഷന്മാരും 8,71, 041 സ്‌ത്രീകളും 15 ട്രാൻസ്‌ജെൻഡർമാരും ഉൾപ്പെടെ 16,82,697 വോട്ടർമാരാണ്‌ ജില്ലയിലുള്ളത്‌. ഇതിൽ 6,19,921 പുരുഷന്മാരും 682430 സ്‌ത്രീകളും ഏഴ്‌ ട്രാൻസ്‌ജെൻഡർമാരും ഉൾപ്പെടെ ആകെ 13,02,358 പേർ വോട്ടുചെയ്‌തു. അരൂരിലാണ്‌ ഏറ്റവും ഉയർന്ന പോളിങ്‌ – 83.35 ശതമാനം. ചേർത്തല 82.07, ആലപ്പുഴ 81.29, അന്പലപ്പുഴ 80.75, കുട്ടനാട്‌ 71.84, ഹരിപ്പാട്‌ 76.83, കായംകുളം 75.71, മാവേലിക്കര 72.62, ചെങ്ങന്നൂർ 71.05 ശതമാനം വീതമാണ്‌ പോളിങ്‌. 2021 ൽ ജില്ലയിൽ 74.74 ശതമാനമായിരുന്നു പോളിങ്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home