ദേശീയപാതയോരത്ത് നിയന്ത്രണം
ജില്ലയിൽ 2498 ഏക്കറിൽ നിർമാണ നിരോധം

അഞ്ജുനാഥ്
Published on Sep 06, 2026, 02:43 AM | 1 min read
ആലപ്പുഴ
ദേശീയപാതയോരത്ത് നിർമാണനിയന്ത്രണം ഏർപ്പെടുത്തിയ സുപ്രീംകോടതി ഉത്തരവ് നടപ്പാക്കിയാൽ ഏറ്റവുമധികം ബാധിക്കുക ആലപ്പുഴ ജില്ലയെ. ദേശീയപാതയ്‌ക്കിരുവശവും ഭൂമി ഉപയോഗ വിലക്കുള്ള ദൂരപരിധിയിൽ പുതിയ കെട്ടിടങ്ങൾക്ക് നിർമാണ അനുമതി നൽകരുതെന്ന് തദ്ദേശവകുപ്പ് നിർദേശവും പാരയാകും. ഫലത്തിൽ, 108 കിലോമീറ്റർ ദേശീയപാതയുള്ള ജില്ലയിൽ 2498 ഏക്കർ സ്ഥലത്ത് നിർമാണ നിരോധം ബാധകമാവും. ദേശീയപാതയുടെ മധ്യഭാഗത്തുനിന്ന് 40 മീറ്റർ പരിധിയിൽ വീടുകളും 75 മീറ്ററിനുള്ളിൽ വ്യാപാര സ്ഥാപനങ്ങളും പാടില്ലെന്നാണ് സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവ്. ഇത് നടപ്പാക്കിയാൽ 45 മീറ്റർ വീതിയിലുള്ള ദേശീയപാതയുടെ ഇരുവശത്തും വീടുകൾക്ക് 17.5 മീറ്ററും വ്യാപാരസ്ഥാപനങ്ങൾക്ക് 52.5 മീറ്ററും മാറ്റിയിടേണ്ടിവരും. നിർമാണം പൂർത്തിയായതും അനുമതി വാങ്ങി നിർമാണത്തിലിരിക്കുന്നതുമായ വീടുകൾക്കും കെട്ടിടങ്ങൾക്കും നിയമപ്രശ്‌നം ഉണ്ടാവാനും സാധ്യതയുണ്ട്. നിലവിലെ കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണി, പുതുക്കിപ്പണിയൽ തുടങ്ങിയവയ്‌ക്ക് ദേശീയപാത അതോറിറ്റിയുടെ പ്രത്യേക അനുമതിയും വേണ്ടിവന്നേക്കാം. കേരളത്തിലെ ഭൂമി ദൗർലഭ്യത ബോധ്യപ്പെടുത്തി നിയന്ത്രണങ്ങളിൽ ഇളവ് നേടുകയാണ് പ്രതിവിധി. ഇതിന് കാര്യക്ഷമമായ നടപടികൾ സംസ്ഥാന സർക്കാർ നടത്തുന്നില്ല. ദേശീയപാതയോരത്ത് നിർമാണത്തിന് പെർമിറ്റ് എടുത്തിട്ട് പൂർത്തിയാകാത്ത കെട്ടിടങ്ങളുടെ വിവരങ്ങൾ തദ്ദേശസ്വയംഭരണ വകുപ്പ് ശേഖരിച്ചിരുന്നു. ജില്ലയിൽ വിവിധ തദ്ദേശ സ്ഥാപനങ്ങളിലായി 287 കെട്ടിടങ്ങളാണ് കണ്ടെത്തിയത്. കെട്ടിടങ്ങളുടെ കണക്കെടുപ്പ് തീരുമാനം പിൻവലിച്ചെങ്കിലും ആശങ്ക ഒഴിയുന്നില്ല.










0 comments