കൈനകരിയിൽ തമ്മിലടിച്ച് കോൺഗ്രസ്

ബ്ലോക്ക് പഞ്ചായത്ത് അംഗം എസ് സുധിമോന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിഷേധം
തകഴി
കൈനകരി പഞ്ചായത്തിൽ കോൺഗ്രസ് തമ്മിലടി രൂക്ഷം. വ്യാഴം വിളിച്ചുചേർത്ത പഞ്ചായത്ത് കമ്മിറ്റി യുഡിഎഫ് അംഗങ്ങൾതന്നെ ബഹിഷ്‌കരിച്ചു. വികസന സമിതി ഉപയോഗിച്ച് പ്രസിഡന്റിന്റെ ഭർത്താവ് പഞ്ചായത്ത് ഭരണത്തെ നിയന്ത്രിക്കുന്നുവെന്നാണ് കോൺഗ്രസിന്റെ ആരോപണം. കഴിഞ്ഞ ദിവസത്തെ സ്-ത്രീ സൗജന്യ യാത്ര ബസിന്റെ ഉദ്ഘാടനം പ്രസിഡന്റ് നടത്തിയ ശേഷം കോൺഗ്രസ് ജില്ല സെക്രട്ടറിയെ എത്തിച്ച് വീണ്ടും ഉദ്ഘാടനംനടത്തിയതും പ്രശ്‌നമായി. എന്നാൽ വൈസ് പ്രസിഡന്റായ എസ് ഡി രവി ഭരണത്തിൽ അനാവശ്യ ഇടപെടൽ നടത്തുന്നുവെന്നാണ് പ്രസിഡന്റിന്റെ പരാതി. തെരഞ്ഞെടുപ്പ് മുതലുള്ള ആഭ്യന്തര കലഹമാണ് മറനീക്കി പുറത്തുവന്നത്. കൊടിക്കുന്നിൽ സുരേഷ് എംപിയെ മുൻനിർത്തി മുൻ വികസന സമിതിക്കാരായ പലരുമാണ് പ്രസിഡന്റിനെ നിയന്ത്രിക്കുന്നതെന്നാണ് എതിർപക്ഷത്തിന്റെ ആക്ഷേപം. വികസന പ്രവർത്തനങ്ങൾ പലയിടത്തും തടസപ്പെട്ടിട്ടുണ്ട്. യുഡിഎഫ്–8, എൽഡിഎഫ്–6, സ്വതന്ത്രൻ–1 എന്നിങ്ങനെയാണ് കക്ഷിനില. പ്രധാനപ്പെട്ട 24 അജണ്ടകൾ ഉൾക്കൊള്ളിച്ച യോഗം തുടങ്ങി അരമണിക്കൂറിൽ പ്രസിഡന്റ് ധന്യ മറ്റൊരു പരിപാടിക്കായി പോയതും വിവാദമായിട്ടുണ്ട്.
സിപിഐ എം പ്രതിഷേധിച്ചു
കോൺഗ്രസ് തമ്മിലടിയും കെടുകാര്യസ്ഥതയും ജനകീയ വിഷയങ്ങളിലെ പഞ്ചായത്ത് ഇടപെടലിനെ പ്രതികൂലമായി ബാധിക്കുന്നുവെന്ന് ആരോപിച്ച് സിപിഐ എം അംഗങ്ങൾ പഞ്ചായത്തിന് ഓഫീസിനു മുമ്പിൽ പ്രതിഷേധിച്ചു. ബ്ലോക്ക് അംഗം എസ് സുധിമോൻ ഉദ്ഘാടനംചെയ്തു. പാർലമെന്ററി പാർടി ലീഡർ കെ എ പ്രമോദ് അധ്യക്ഷനായി. സ്ഥിരംസമിതി അധ്യക്ഷ ബീന വിനോദ്, അംഗങ്ങളായ വി വി സുനിൽകുമാർ, യോഗിത, ജയപ്രിയ സുനിൽ എന്നിവർ സംസാരിച്ചു.










0 comments