4.274 കിലോഗ്രാം കഞ്ചാവുമായി ഒഡിഷ സ്വദേശികൾ പിടിയിൽ

കോഴിക്കോട്
ഒഡിഷയിൽനിന്ന് വിൽക്കാൻ കൊണ്ടുവന്ന കഞ്ചാവുമായി കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ രണ്ടുപേർ പിടിയിൽ. ഒഡിഷ സ്വദേശികളായ നിതിൻ ഡിഗൽ (38), ശശാങ്ക് സിങ് (38) എന്നിവരെയാണ് കോഴിക്കോട് സിറ്റി നർക്കോട്ടിക് സെൽ അസി. കമീഷണർ കെ അബ്ദുൾ കരീമിന്റെ നേതൃത്വത്തിലുള്ള ഡൻസാഫ് സംഘവും നടക്കാവ് പൊലീസും ചേർന്ന് അറസ്റ്റ്‌ചെയ്തത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ വ്യാഴം പുലർച്ചെ കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ നടത്തിയ പരിശോധനയിലാണ് 4.274 കിലോ കഞ്ചാവുമായി പ്രതികള്‍ പിടിയിലായത്.
ഒഡിഷയിൽനിന്ന് കഞ്ചാവ് ട്രെയിൻ മാർഗം പെരുമ്പാവൂരിലെത്തിച്ചശേഷം അവിടെനിന്ന് ബസിൽ കോഴിക്കോട്ടെത്തിക്കുകയായിരുന്നു. ബസിൽനിന്ന് ഇറങ്ങിയ ഉടനെ പൊലീസ് സംഘം ഇവരെ കസ്റ്റഡിയിലെടുത്തു. ജില്ലയിലെ അതിഥി തൊഴിലാളികളെ കേന്ദ്രീകരിച്ച് ചില്ലറ വിൽപ്പന നടത്തുന്ന സംഘത്തിൽപ്പെട്ടവരായ പ്രതികൾ സ്ഥിരമായി ലഹരി ഉപയോഗിക്കുന്നവരാണ്. ഒഡിഷയില്‍നിന്ന് മുമ്പും കഞ്ചാവ് കൊണ്ടുവന്നിട്ടുണ്ടെന്നും പ്രതികൾ പറഞ്ഞു. നടക്കാവ് പൊലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്പെക്ടര്‍ ലീല, സീനിയര്‍ സിവിൽ പൊലീസ് ഓഫീസർമാരായ സുര്‍ജിത്ത്, രാകേഷ് സിവിൽ പൊലീസ് ഓഫീസർ അജീഷ്, ഡൻസാഫംഗങ്ങളായ എസ്‌ഐ മനോജ് എടയേടത്ത്, അസി. സബ് ഇന്‍സ്പെക്ടര്‍ കെ അഖിലേഷ്, ലതീഷ്, സരുൺ കുമാർ, അതുൽ, അഭിജിത്ത്, ദിനീഷ്, പ്രബീഷ് എന്നിവരാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി.










0 comments