തെരുവുനായ ശല്യം രൂക്ഷം; പരിഹാരത്തിനായി കാത്ത് പടിഞ്ഞാറൻ കൊച്ചി

തെരുവിൽ അലയുന്ന നായക്കൂട്ടം
മട്ടാഞ്ചേരി
പടിഞ്ഞാറൻ കൊച്ചിയിലെ വിവിധ പ്രദേശങ്ങളിൽ തെരുവുനായ ശല്യം രൂക്ഷമാകുന്നതായി പരാതി. പള്ളുരുത്തി, പെരുമ്പടപ്പ്, ചിറക്കൽ, തോപ്പുംപടി, ഇടക്കൊച്ചി, വില്ലിങ്‌ടൺ ഐലൻഡ് തുടങ്ങിയ മേഖലകളിൽ കാൽനടയാത്രികർക്കും വിദ്യാർഥികൾക്കും ഭീഷണിയായി നായക്കൂട്ടങ്ങൾ മാറിയിരിക്കുകയാണ്.
കഴിഞ്ഞ ദിവസം കൊച്ചി തുറമുഖത്തെ കേന്ദ്രീയവിദ്യാലയത്തിലെ വിദ്യാർഥിക്ക് നേരെ തെരുവുനായ ആക്രമണം ഉണ്ടായതും ആശങ്ക വർധിപ്പിച്ചു. തെരുവുനായകൾക്ക് ഭക്ഷണവും സംരക്ഷണവും നൽകുന്നവരുടെ എണ്ണം വർധിക്കുമ്പോൾ പൊതുസുരക്ഷ ഉറപ്പാക്കണമെന്ന ആവശ്യവും ശക്തമാണ്. കൊച്ചി നഗരസഭ ബ്രഹ്മപുരത്ത് ഒരേക്കർ സ്ഥലത്ത് തെരുവുനായകൾക്കായി ഷെൽട്ടർ നിർമാണം ആരംഭിച്ചിട്ടുണ്ട്. ആദ്യഘട്ടത്തിൽ ആയിരം നായകളെ പുനരധിവസിപ്പിക്കാനാണ് പദ്ധതി.
എബിസി (ആനിമൽ ബർത്ത് കൺട്രോൾ ) പദ്ധതിയുടെ ഭാഗമായി വന്ധ്യംകരണ നടപടികളും പുരോഗമിക്കുന്നതായി അധികൃതർ അറിയിച്ചു. എന്നാൽ പദ്ധതികൾ എപ്പോൾ പ്രാബല്യത്തിൽ വരുമെന്ന കാര്യത്തിൽ വ്യക്തതയില്ലാത്തത് ജനങ്ങളുടെ ആശങ്ക വർധിപ്പിക്കുകയാണ്. തെരുവുനായ പ്രശ്നത്തിൽ അടിയന്തരവും ഫലപ്രദവുമായ നടപടി വേണമെന്നാണ് പൊതുജന ആവശ്യം.










0 comments