കുടിവെള്ളപൈപ്പ് സ്ഥാപിക്കൽ പാതിവഴിയിൽ
ചെമ്പുമുക്ക്–പുളിക്കില്ലം ഈസ്റ്റ് റോഡ് പൊളിച്ചിട്ട് മാസങ്ങൾ

ചെമ്പുമുക്ക്–പുളിക്കില്ലം ഈസ്റ്റ് റോഡിൽ കുടിവെള്ളപൈപ്പ് സ്ഥാപിക്കുന്നതിനായി റോഡ് കുഴിച്ച് മാസങ്ങളായിട്ടും പ്രവൃത്തി പൂർത്തിയാക്കാത്ത നിലയിൽ
കാക്കനാട്
ചെമ്പുമുക്ക്–പുളിക്കില്ലം ഈസ്റ്റ് റോഡിൽ കുടിവെള്ളപൈപ്പ് സ്ഥാപിക്കുന്നതിനായി റോഡ് കുഴിച്ചിട്ടശേഷം മാസങ്ങളായിട്ടും പ്രവൃത്തി പൂർത്തിയാക്കിയില്ല. ഇതിനെതിരെ പ്രതിഷേധം ശക്തം. റോഡ് തകർന്നുകിടക്കുന്നതിനാൽ പ്രദേശവാസികളും വാഹനയാത്രികരും കടുത്ത ദുരിതമാണ് അനുഭവിക്കുന്നത്.
ഡ്രീംഫ്ലവർ ഫ്ലാറ്റിലേക്ക് കുടിവെള്ളമെത്തിക്കുന്നതിനായി കേരള വാട്ടർ അതോറിറ്റി 15 ലക്ഷം രൂപയുടെ പദ്ധതി തയ്യാറാക്കിയിരുന്നു. പദ്ധതിയുടെ ഭാഗമായി ഫ്ലാറ്റ് അധികൃതർ തുക വാട്ടർ അതോറിറ്റിയിൽ അടച്ചു. റോഡ് പൊളിക്കുന്നതിനായി നഗരസഭയിൽ 12 ലക്ഷം രൂപയും അടച്ചതായാണ് വിവരം. പ്രദേശത്തെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനും പൊതുജനങ്ങൾക്ക് പ്രയോജനം ലഭിക്കുന്നതിനുമായി ആറ് ഇഞ്ച് പൈപ്പ് സ്ഥാപിക്കാനായിരുന്നു തീരുമാനം.
എന്നാൽ, കരാറുകാരൻ പ്രവൃത്തി ആരംഭിക്കുന്നതിൽ കാലതാമസം വരുത്തിയെന്നാണ് ആരോപണം. ഇതോടെ റോഡ് കുഴിച്ചിട്ടനിലയിൽ തുടരുകയും യാത്ര ദുരിതപൂർണമാകുകയും ചെയ്തു. നിരവധിതവണ പരാതിപ്പെട്ടിട്ടും നടപടിയില്ലാത്ത സാഹചര്യത്തിൽ തൃക്കാക്കര നഗരസഭ കൗൺസിലർ ടിനു സൈമൺ വാട്ടർ അതോറിറ്റിയിലെ വിവിധ ഉദ്യോഗസ്ഥർക്കും കലക്ടർക്കും പരാതി നൽകി.
പ്രവൃത്തി അടിയന്തരമായി പൂർത്തിയാക്കി റോഡ് പൂർവസ്ഥിതിയിലാക്കണമെന്ന് പ്രദേശവാസികളും റസിഡന്റ്സ് അസോസിയേഷനുകളും
ആവശ്യപ്പെട്ടു.










0 comments