print edition പ്രതിപക്ഷ എംപിമാരെ ചാക്കിട്ടുപിടിക്കാന്‍ ബിജെപി; സമാജ്‌വാദി പാർടിയേയും ലക്ഷ്യമിടുന്നു

ന്യൂഡൽഹി: ജനാധിപത്യവിരുദ്ധ നീക്കങ്ങളിലൂടെ പ്രതിപക്ഷകക്ഷികളെ പിളർത്തി പാർലമെന്റിലെ അംഗബലം വർധിപ്പിക്കാൻ ശ്രമിക്കുന്ന ബിജെപിയുടെ അടുത്ത ഉന്നം സമാജ്‌വാദി പാർടി. ഉത്തർപ്രദേശിൽ ബിജെപിയുടെ സഖ്യകക്ഷിയായ സുഹേൽദേവ് ഭാരതീയ സമാജ് പാർടി (എസ്‌ബിഎസ്‌പി) നേതാവും മന്ത്രിയുമായ ഓംപ്രകാശ് രാജ്‌ഭർ ഇതുസംബന്ധിച്ച സൂചനനൽകി. ‘എല്ലാവരും ഇപ്പോൾ അന്വേഷിക്കുന്നത് എസ്‌പിയിൽ എപ്പോൾ പിളർപ്പ് ഉണ്ടാകുമെന്നാണ്?. അടുത്ത് തന്നെ അതുണ്ടാകും.
എസ്‌പിയിലെ വിമതവിഭാഗം പിളർപ്പിന് തയ്യാറായി രംഗത്തുണ്ട്’– ഓംപ്രകാശ് രാജ്‌ഭർ പറഞ്ഞു. എസ്‌പി നേതാവ് അഖിലേഷ്‌യാദവ് സ്വന്തം എംപിമാരെയും എംഎൽഎമാരെയും ചിറകിനടിയിൽ കാത്തുസൂക്ഷിക്കുന്നതാണ് നല്ലതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, പ്രസ്‌താവന പരിഹാസ്യമാണെന്നാണ് സമാജ്‌വാദി പാർടി എംപി സനാതൻ പാണ്ഡെയുടെ പ്രതികരണം.
ഓപറേഷൻ ലോട്ടസ്, ഓപറേഷൻ ടൈഗർ തുടങ്ങിയ പേരുകളിട്ട രാഷ്ട്രീയ നീക്കങ്ങളിലൂടെ പ്രതിപക്ഷത്തെ എംപിമാരെ ചാക്കിട്ടുപിടിച്ചും കേന്ദ്രഏജൻസികളെ ഉപയോഗിച്ച് വിരട്ടിയും എൻഡിഎ ക്യാംപിലെത്തിക്കുകയാണ്. പാർലമെന്റിൽ ഭരണഘടനാവിരുദ്ധമായ നിയമനിർമാണങ്ങൾ പാസാക്കാനുള്ള മൂന്നിൽ രണ്ട് ഭൂരിപക്ഷം ലക്ഷ്യമിട്ടുള്ള നീക്കങ്ങളാണിത്. ബിജെപിയുടെ ‘ഓപറേഷനുകളിൽ’ എൻസിപി എസ്പി നേതൃത്വവും കടുത്ത ആശങ്കയിലാണ്. ശിവസേന ഉദ്ധവ് വിഭാഗത്തിലെ പിളർപ്പിന് പിന്നാലെ എൻസിപി നേതാവ് ശരദ്‌പവാർ എംപിമാരുമായി കൂടിക്കാഴ്ച് നടത്താൻ തീരുമാനിച്ചിട്ടുണ്ട്.










0 comments