ad
Deshabhimani

print edition ടിവികെ സർക്കാരിന്റെ നയപ്രഖ്യാപനം: കേന്ദ്രം തമിഴ്‌നാടിനോട്‌ സാമ്പത്തിക വിവേചനം കാട്ടുന്നു

TVK.jpg
വെബ് ഡെസ്ക്

Published on Jun 19, 2026, 02:27 AM | 1 min read

ചെന്നൈ: കേന്ദ്രസർക്കാർ തമിഴ്‌നാടിനോട്‌ കാട്ടുന്ന സാമ്പത്തിക വിവേചനം വെളിപ്പെടുത്തുന്ന റിപ്പോർട്ട്‌ പുറത്തിറക്കുമെന്ന് തമിഴ്‌നാട്ടിലെ ടിവികെ സർക്കാരിന്റെ ആദ്യ നയപ്രഖ്യാപനത്തില്‍ പറയുന്നു. കേന്ദ്രത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന ഭാഗങ്ങളടക്കം ഗവർണർ രാജേന്ദ്ര വിശ്വനാഥ്‌ ആർലേക്കർ നിയമസഭയില്‍ വായിച്ചു. കേന്ദ്രത്തിന്റെ സാമ്പത്തിക വിവേചനത്തിനെതിരെ തമിഴ്നാട് നിയമസഭ പ്രമേയം പാസാക്കും.


മുൻ വർഷങ്ങളിൽ നയപ്രഖ്യാപനങ്ങല്‍ ഡിഎംകെ സർക്കാരും മുന്‍ ഗവർണർ ആർ എൻ രവിയുമായുള്ള നേർക്കുനേർ പോരാട്ടങ്ങളായി മാറിയിരുന്നു. ഫണ്ട്‌ നേടിയെടുക്കാൻ സമ്മർദം ചെലുത്തുമെന്ന് ആവര്‍ത്തിക്കുന്നുണ്ടെങ്കിലും കേന്ദ്ര സർക്കാരിന്റെ നയങ്ങളെ കാര്യമായി കടന്നാക്രമിക്കാൻ ടിവികെ സര്‍ക്കാര്‍ മുതിർന്നിട്ടില്ല. നയപ്രഖ്യാപനപ്രസംഗത്തിനിടെ ഡിഎംകെ വാക്കൗട്ട് നടത്തി.


മുല്ലപ്പെരിയാറിൽ അപകടാവസ്ഥയിലുള്ള ഡാം പൊളിച്ചുമാറ്റി പുതിയത്‌ നിർമിക്കണമെന്ന കേരളത്തിന്റെ ദീർഘകാല ആവശ്യം അംഗീകരിക്കില്ലെന്ന്‌ നയപ്രഖ്യാപനത്തിലുണ്ട്.

​വന്ദേമാതരമില്ല; ആദ്യം ‘തമിഴ് തായ് വാഴ്‌ത്ത്‌’​


സത്യപ്രതിജ്ഞാ ചടങ്ങിന്‌ വിപരീതമായി സംസ്ഥാന ഗീതമായ ‘തമിഴ് തായ് വാഴ്‍ത്ത്’ ആലപിച്ചാണ്‌ ​സഭാ നടപടികൾ തുടങ്ങിയത്‌. പിന്നാലെ ദേശീയഗാനം ആലപിച്ചു. വന്ദേമാതരം ആലപിച്ചില്ല. നയപ്രഖ്യാപന പ്രസംഗം കഴിഞ്ഞും ദേശീയഗാനം ആലപിച്ചു. വിജയ്‍യുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ വന്ദേമാതരം പൂർണമായി ആലപിച്ചതും ‘തമിഴ്‌ തായ്‌ വാഴ്‌ത്ത്‌’ മൂന്നാമതായി ആലപിച്ചതും വലിയ വിമർശം ഏറ്റുവാങ്ങിയിരുന്നു.

​കഴിഞ്ഞ നിയമസഭാസമ്മേളനത്തിന്റെ തുടക്കത്തിൽ ആദ്യം ദേശീയഗാനം ആലപിക്കണമെന്ന ആവശ്യം അംഗീകരിക്കാത്തതിനാല്‍ മുൻ ഗവർണർ ആർ എൻ രവി നയപ്രഖ്യാപന പ്രസംഗം വായിക്കാതെ സഭയിൽനിന്ന് ഇറങ്ങിപ്പോയിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home