മിണ്ടാതെ മുഖ്യമന്ത്രിയും ഉന്നത വിദ്യാഭ്യാസ മന്ത്രിയും
print edition എംജിയിൽ ഗവർണറുടെ തന്നിഷ്ടം

സുമേഷ് കെ ബാലൻ
Published on Jun 19, 2026, 01:43 AM | 1 min read
കോട്ടയം: എംജി സർവകലാശാലയിലെ കാവിവൽക്കരണം ഗവർണർ നിർബാധം തുടരുമ്പോൾ മൗനസമ്മതവുമായി യുഡിഎഫ് സർക്കാർ. സെനറ്റിലും പഠനബോർഡുകളിലും അധ്യാപക നിയമന സമിതിയിലും ഗവർണർ സംഘപരിവാറുകാരെ കുത്തിനിറച്ചിട്ടും മുഖ്യമന്ത്രിയും ഉന്നത വിദ്യാഭ്യാസ മന്ത്രിയും പ്രതികരിച്ചിട്ടില്ല. യുജിസി, സർവകലാശാലാ ചട്ടങ്ങൾ ലംഘിച്ചുള്ള ചാൻസലറുടെയും താൽക്കാലിക വിസിയുടെയും നടപടിക്ക് കുടപിടിക്കുകയാണ് സർക്കാർ.
വകുപ്പ് അധ്യക്ഷരെയും ഡീൻമാരെയും നോക്കുകുത്തിയാക്കിയാണ് നടപടി. വലത് അധ്യാപക സംഘടനകളും സർവകലാശാലയിൽ ഇലയനങ്ങിയാൽ പരാതിയുമായി നടന്ന സേവ് യൂണിവേഴ്‌സിറ്റി കാന്പയിൻ കമ്മിറ്റിയും ഇൗ വിഷയങ്ങളിൽ മൗനത്തിലാണ്.
താൽക്കാലിക അധ്യാപക നിയമനത്തിൽ വിഷയവിദഗ്‌ധരായി സംഘപരിവാർ സംഘടനയിലുള്ളവരെയാണ് ഉൾപ്പെടുത്തിയത്. 54 പഠന ബോർഡുകളിൽ പകുതിയിലും ഇതാണ് സ്ഥിതി. സിൻഡിക്കറ്റ് ചൂണ്ടിക്കാട്ടിയിട്ടും ഗവർണറുടെ നടപടി വിസി തിരുത്തിയില്ല.
സർവകലാശാലയ്ക്ക് പുറത്തുനിന്നുള്ള വിഷയവിദഗ്ധരായി ഒന്നോ രണ്ടോ ആളുകളെയേ പഠന ബോർഡിൽ ഉൾപ്പെടുത്താറുള്ളൂ. ഇത്തവണ ഭൂരിപക്ഷവും പുറത്തുനിന്നുള്ളവരാണ്. പല പ്രധാന പഠന ബോർഡുകളിലും സ്വയംഭരണ കോളേജിലെ അധ്യാപകരെയാണ് നിയമിച്ചത്. സ്വയംഭരണ കോളേജുകളിൽനിന്ന് അയക്കുന്ന സിലബസ് അവിടുത്തെ അധ്യാപകർ സർവകലാശാലയ്ക്കുവേണ്ടി പരിശോധിക്കുന്ന സാഹചര്യമാണുള്ളത്. സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്ത കോളേജിലോ സർവകലാശാലയിലോ വകുപ്പ് അധ്യക്ഷരായവരാണ് ഇൗ സ്ഥാനത്തിരിക്കേണ്ടത്. എന്നാൽ, സംസ്കൃതം, സുവോളജി, ഹിസ്റ്ററി, സോഷ്യൽ വർക്ക്വിഷയങ്ങളിൽ വകുപ്പ് മേധാവികളല്ലാത്തവരെയാണ് നിയമിച്ചത്.










0 comments