പ്രധാനാധ്യാപകരില്ലാതെ 61 വിദ്യാലയങ്ങൾ

സ്വന്തം ലേഖിക
Published on Jun 19, 2026, 01:36 AM | 1 min read
കോഴിക്കോട്
അധ്യയനവർഷം ആരംഭിച്ച് മൂന്നാംവാരമായിട്ടും ജില്ലയിലെ 61 പ്രൈമറി സ്കൂളുകളിൽ പ്രധാനാധ്യാപകരില്ല. വിദ്യാലയങ്ങളുടെ ദൈനംദിന പ്രവർത്തനങ്ങളും ഏകോപനവും ഇതോടെ താളംതെറ്റി. സ്‌കൂളിലെ സുരക്ഷാ ക്രമീകരണങ്ങൾ, ഉച്ചഭക്ഷണ പദ്ധതിയുടെ ഫണ്ട് വിനിയോഗം, വിദ്യാര്‍ഥികളുടെ തലയെണ്ണൽ എന്നിവയെല്ലാം ഇക്കാരണത്താൽ പ്രതിസന്ധി നേരിടുകയാണ്. ആളില്ലാത്തിടത്ത് മറ്റ് അധ്യാപകർക്ക് താൽക്കാലിക ചുമതല നൽകുമ്പോൾ അമിതജോലിഭാരമാവുന്നതും പ്രവർത്തനത്തെ സാരമായി ബാധിക്കുന്നുണ്ട്.
ഇതിനിടയിൽ സെൻസസ് ജോലിക്ക് സ്കൂളിലെ ഭൂരിഭാഗം അധ്യാപകരെയും നിയോഗിച്ച് ദുരിതം ഇരട്ടിപ്പിക്കുകയാണ്. സ്ഥാനക്കയറ്റം, സ്ഥലംമാറ്റം തുടങ്ങിയ കാര്യങ്ങളിൽ യുഡിഎഫ് സര്‍ക്കാരിന്റെ കൃത്യതയില്ലാത്ത നടപടികളാണ് സാഹചര്യത്തെ സങ്കീർണമാക്കുന്നത്. സ്ഥലംമാറ്റം വൈകിപ്പിക്കുന്നതും അധ്യാപകരെ വലയ്‌ക്കുന്നു. മുൻ വര്‍ഷങ്ങളിൽ എൽഡിഎഫ് സർക്കാർ കോൺഫിഡൻഷ്യൽ റിപ്പോർട്ടുൾപ്പെടെ അടിസ്ഥാനപ്പെടുത്തി സമയബന്ധിതമായി സ്ഥാനക്കയറ്റം നൽകിയിരുന്നു. ഇത് വൈകുന്നത് പ്രധാനാധ്യാപക തസ്‌തിക നികത്തുന്നതിന് തടസ്സമാകുകയാണ്. കഴിഞ്ഞ അധ്യയനവർഷം മെയ് മാസംതന്നെ സ്ഥലംമാറ്റമുൾപ്പെടെയുള്ള കാര്യങ്ങൾ നടപ്പാക്കിയിരുന്നു. സ്ഥലംമാറ്റവും സ്ഥാനക്കയറ്റവുമെല്ലാം ഓൺലൈനായി, മാനദണ്ഡങ്ങൾ പാലിച്ച് സുതാര്യമായി നടത്തിയതാണിപ്പോൾ യുഡിഎഫ് അധികാരത്തിലേറിയപ്പോൾ അനിശ്ചിതത്വത്തിലായത്.
ഡിഡിഇ, ഡിഇഒ കസേരകളും കാലി
സ്‌കൂൾ തുറന്നിട്ട് മൂന്നാംവാരത്തിലേക്ക് കടക്കുന്പോഴും ഡെപ്യൂട്ടി ഡയറക്‌ടർ ഓഫ് എഡ്യുക്കേഷൻ (ഡിഡിഇ) തസ്‌തിക ഒഴിഞ്ഞുകിടക്കുകയാണ്. മെയ് 31ന് മുൻ ഡിഡിഇ ടി അസീസ് വിരമിച്ച ഒഴിവിലേക്ക് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല. ഡിസ്ട്രിക്ട് എഡ്യുക്കേഷൻ ഓഫീസര്‍ പോസ്‌റ്റിലും ആളില്ല. വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിനുശേഷമാണ് പുതിയ നിയമനങ്ങളിൽ തീരുമാനമാകുക. യുഡിഎഫ് സര്‍ക്കാര്‍ അധികാരമേറിയശേഷം വകുപ്പിൽ കൃത്യമായ യോഗങ്ങളും നടന്നിട്ടില്ല. ഒന്നുമുതൽ പത്തുവരെ ക്ലാസുകളിലെ അധ്യാപകരുടെ ജില്ലാതല സ്ഥലംമാറ്റവും മരവിപ്പിച്ചിരുന്നു. പട്ടിക പ്രസിദ്ധീകരിച്ചതിനുപിന്നാലെ സെൻസസ് ഡയറക്‌ടർ ഇറക്കിയ ഉത്തരവ് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി.









0 comments