print edition തൃണമൂലിലെ അടി 1000 കോടിയുടെ ഫണ്ടിലേക്കും

ന്യൂഡൽഹി: തൃണമൂൽ കോൺഗ്രസിലെ തമ്മിലടി പാർടി ഫണ്ടുകളിലേക്കും നീളുന്നു. ബാങ്ക് അക്കൗണ്ടുകൾ താൽകാലികമായി മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് ട്രഷറർ അരൂപ് ബിശ്വാസ് കൊൽക്കത്തയിലെ സെൻട്രൽ പ്ലാസയിലുള്ള സ്വകാര്യ ബാങ്കിന് കത്തുനൽകി. നിലവിൽ വിമത പക്ഷത്തോടൊപ്പമാണ് മുൻമന്ത്രി കൂടിയായ അരൂപ് ബിശ്വാസ് യഥാർഥ പാർടി ഏതാണെന്ന കാര്യത്തിൽ തീർപ്പാകുംവരെ ഫണ്ട് മരവിപ്പിച്ച് നിർത്തണമെന്നാണ് ആവശ്യം.
ജൂൺ 12ന് അയച്ച കത്തിന്റെ പകർപ്പ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു. കത്തിനെക്കുറിച്ച് അറിവില്ലെന്നും ട്രഷറർ സ്ഥാനത്തുനിന്ന് അരൂപ് ബിശ്വാസിനെ നീക്കി സുഭാശിഷ് ചക്രവർത്തിയെ നിയമിച്ചെന്നുമാണ് മമതാ പക്ഷത്തിന്റെ വാദം. തെരഞ്ഞെടുപ്പ് കമീഷന് 2024–25 ൽ നൽകിയ കണക്കുപ്രകാരം തൃണമൂൽ കോൺഗ്രസിന്റെ പക്കൽ ആയിരം കോടിയിലേറെ രൂപയുണ്ട്. അക്കൗണ്ടുകളിൽനിന്ന് പണം പിൻവലിക്കുന്നതും ചെക്ക് സമർപ്പിച്ച് പണം പിൻവലിക്കുന്നതും തടയണമെന്നാണ് ബിശ്വാസിന്റെ പ്രധാന ആവശ്യം. താൻ ഒപ്പിട്ട ചെക്കുകൾ പലരുടെയും പക്കലുണ്ടെന്നും ബിശ്വാസ് കത്തിൽ ചൂണ്ടിക്കാട്ടി.










0 comments