വൈസ്-പ്രസിഡന്റിനെതിരായ അവിശ്വാസപ്രമേയ ചർച്ച
താമരക്കുളത്ത് വീണ്ടും കോൺഗ്രസ്-ബിജെപി ഡീൽ

ചാരുംമൂട്
യുഡിഎഫ് ഭരിക്കുന്ന താമരക്കുളം പഞ്ചായത്തിൽ വീണ്ടും കോൺഗ്രസിനെ സഹായിച്ച് ബിജെപി. വൈസ് പ്രസിഡന്റിനെതിരെ എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയ ചർച്ചയിൽ ക്വാറം തികയാതിരിക്കാൻ കോൺഗ്രസ്, ബിജെപി അംഗങ്ങൾ വിട്ടുനിന്നു. സംസ്ഥാനത്ത് കോൺഗ്രസ് ബിജെപിയുമായുണ്ടാക്കിയ ഡീലിന്റെ തുടർച്ചയാണ് താമരക്കുളത്തും വെളിപ്പെട്ടത്.എൽഡിഎഫിലെ ഏഴ് അംഗങ്ങളും, എസ്ഡിപിഐയിലെ ഒരംഗവും മാത്രമാണ് പങ്കെടുത്തത്. കഴിഞ്ഞദിവസം യുഡിഎഫ് പഞ്ചായത്ത് പ്രസിഡന്റിനെതിരായി എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയ ചർച്ചയിലും കോൺഗ്രസ്, ബിജെപി അംഗങ്ങൾ വിട്ടുനിൽക്കുകയായിരുന്നു. സംസ്ഥാനതലത്തിൽ ഉണ്ടാക്കിയ ഡീലിന്റെ ഭാഗമായാണ് കോൺഗ്രസ് ഭരണസമിതിയെ ബിജെപി പിന്തുണച്ചതെന്ന് എൽഡിഎഫ് അംഗങ്ങൾ പറഞ്ഞു. നറുക്കെടുപ്പിലൂടെയാണ് യുഡിഎഫ് പഞ്ചായത്ത് ഭരണസമിതി അധികാരത്തിൽ വന്നത്. എൽഡിഎഫ് ഏഴ്, യുഡിഎഫ് ഏഴ്, ബിജെപി മൂന്ന്, എസ്ഡിപിഐ ഒന്ന് എന്നതാണ് കക്ഷിനില.







0 comments