കുട്ടനാട് കുടിവെള്ളപദ്ധതി
കമീഷനിങ് അടുത്തവർഷം

മങ്കൊമ്പ്
കുട്ടനാട് സമഗ്ര കുടിവെള്ള പദ്ധതി 2027 മേയിൽ കമീഷൻ ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പുനർനിർമിച്ച ആലപ്പുഴ–ചങ്ങനാശേരി റോഡും (എസി റോഡ്) പടഹാരം പാലവും ഉദ്ഘാടനംചെയ്യുകയായിരുന്നു മുഖ്യമന്ത്രി. മൂന്ന് ഘട്ടങ്ങളിലായി 615 കോടി ചെലവഴിച്ചാണ് കുട്ടനാട് സമഗ്ര കുടിവെള്ള പദ്ധതി നടപ്പാക്കുന്നത്. പ്രളയാനന്തരം സർക്കാർ പ്രഖ്യാപിച്ച വലിയ പദ്ധതികളിൽ ഒന്നാണ് എസി റോഡ്. മഴ കനത്താൽ യാത്ര തടസപ്പെടുന്ന കാലം മാറി. പ്രളയത്തെ അതിജീവിക്കുംവിധം എസി റോഡ് പുനർനിർമിക്കാനായി. ബജറ്റിൽ കുട്ടനാടിന് സർക്കാർ പ്രത്യേക പരിഗണന നൽകി. വേമ്പനാട് കായലിന്റെ സംരക്ഷണവും സുസ്ഥിരമായ മാനേജ്‌മെന്റും രണ്ടാം കുട്ടനാട് പാക്കേജിന്റെ ഭാഗമാണ്. ഇതിന്റെ തുക 87 കോടിയിൽനിന്ന് 137 കോടി രൂപയായി ബജറ്റിൽ ഉയർത്തി. ബണ്ട് നിർമാണത്തിന് അഞ്ചുകോടിയും വകയിരുത്തി. പുളിങ്കുന്ന് താലൂക്ക് ആശുപത്രിയിൽ 107 കോടിയുടെ പദ്ധതികൾ നടപ്പാക്കും. കേരളത്തിൽ ഒന്നും നടക്കില്ലെന്നതായിരുന്നു 2016-ന് മുമ്പുള്ള അവസ്ഥ. അതായിരുന്നു പൊതുവികാരം. അത് ഓർമയായി. മുടങ്ങിയ പദ്ധതികൾ യാഥാർഥ്യമായി. തടസങ്ങൾക്ക് വഴങ്ങിക്കൊടുക്കാതെ നാടിന്റെ താല്പര്യം സംരക്ഷിക്കാൻ സർക്കാരിനായി. ദേശീയപാത വികസനം, ഗെയിൽ പൈപ്പ്‌ലൈൻ, ഇടമൺ-–കൊച്ചി പവർഹൈവേ പോലെ പദ്ധതികൾ തടസങ്ങൾ നീക്കി നടപ്പാക്കിയത് വ്യക്തമായ നയത്തിന്റെ ഭാഗമാണ്. തീരദേശ ഹൈവേ, മലയോര ഹൈവേ എന്നിവ 10,000 കോടി ചെലവിൽ നടപ്പാക്കുകയാണ്. വയനാട് തുരങ്കപാത പുരോഗമിക്കുന്നു. എല്ലാത്തിനെയും എതിർക്കുന്നവർ ഇൗ പദ്ധതി തടസപ്പെടുത്താനും ശ്രമിച്ചു. എന്നാൽ അതിനെയെല്ലാം അതിജീവിച്ച് നിർമാണം അതിവേഗം പുരോഗമിക്കുകയാണ്. നവകേരളം എന്നത് സങ്കൽപ്പമല്ല. നടപ്പാക്കാനുള്ളതാണ്– മുഖ്യമന്ത്രി പറഞ്ഞു.










0 comments