ക്ലാരൻഡൻ കരുത്തിൽ കാർത്തു ഓക്‌സ്‌ഫോർഡിലേക്ക്

കാർത്തു അനിൽ ചന്ദ്രൻ ഗീതാമ്പിളി
കെ എസ് ബിമൽറോയ്
Published on Apr 24, 2026, 02:11 AM | 1 min read
ഹരിപ്പാട്
നവോത്ഥാന നായകൻ ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ നാട്ടിൽനിന്ന് നരവംശശാസ്‌ത്രത്തിൽ ഗവേഷണ പഠനത്തിന് വിഖ്യാത സർവകലാശാലയായ ഓക്‌സ്‌ഫോർഡിലെത്താനുള്ള ഒരുക്കത്തിലാണ് കാർത്തു. പ്രവാസിയായ ആറാട്ടുപുഴ മംഗലം വലിയകാട്ടി പുതുവലിൽ അനിൽചന്ദ്രന്റെയും ഗീതാമ്പിളിയുടെയും മകൾ കാർത്തു അനിൽ ചന്ദ്രൻ ഗീതാമ്പിളിയാണ് വയനാട്ടിലെ ആദിവാസി ഗോത്രസമൂഹത്തിന്റെ ജീവിതാവസ്ഥകളെപ്പറ്റി ഗവേഷണത്തിന് ഒരുങ്ങുന്നത്. 1.8 കോടിയുടെ ക്ലാരൻഡൻ സ്‌കോളർഷിപ്പോടെയാണ് കാർത്തുവിന്റെ ഗവേഷണം. വിദ്യാർഥികൾക്ക് ഓക്‌സ്‌ഫോഡിൽ പഠിക്കാൻ അവസരമൊരുക്കുന്നതാണ് ക്ലാരൻഡൻ സ്‌കോളർഷിപ്. വിവിധ ഡിപ്പാർട്ടുമെന്റുകളിലെ 200 വിദ്യാർഥികൾക്കാണിത് കിട്ടുന്നത്. പ്രൊഫസറുടെ ശുപാർശ, ഗവേഷണ വിഷയത്തിന്റെ പ്രസക്തി, നേതൃപാടവം, വിഷയത്തിലുള്ള താൽപ്പര്യം എന്നിവ പരിഗണിച്ചാണ് സ്‌കോളർഷിപ് അനുവദിക്കുന്നത്. ഒക്‌ടോബറിൽ പഠനം തുടങ്ങും. മുബൈയിലെ ടിസിൽനിന്ന് (ടാറ്റാ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസ്) സോഷ്യോളജിയിൽ ബിരുദം നേടിയ കാർത്തുവിന്റെ പ്രതിഭ തിരിച്ചറിഞ്ഞ പ്രൊഫസറാണ് തുടർപഠനത്തിന് ലണ്ടൻ സ്‌കൂൾ ഓഫ് ഇക്കണോമിക്‌സ് ആൻഡ് പൊളിറ്റിക്കൽ സയൻസ് ശുപാർശ ചെയതത്. അവിടെനിന്ന് നരവംശശാസ്‌ത്രത്തിൽ ബിരുദാനന്തര ബിരുദവും ഉയർന്ന നിലയിൽ വിജയിച്ച ശേഷമാണ് കാർത്തു ഓക്‌സ്‌ഫോർഡിൽ ഗവേഷകയാകുന്നത്. ഗോത്രസമൂഹത്തിന്റെ സംസ്‌കാരം, ആചാരങ്ങൾ, ജീവിതരീതികൾ, ചരിത്രം എന്നിവയൊക്കെ ഗവേഷണവിഷയമാക്കും. ദുബായിലായിരുന്നു കാർത്തുവിന്റെ സ്‌കൂൾ പഠനം. അനുജൻ ബിടെക് വിദ്യാർഥി ഋഷി അനിൽ ചന്ദ്രൻ.










0 comments