ad
Deshabhimani

പുൽക്കൂടിൽ ‘പരമ്പരാഗതം’ തന്നെ ‘ട്രെൻഡിങ്‌’

ക്രിസ്‌മസ്‌കാലത്തെ പുൽക്കൂട്‌ കച്ചവടം

എറണാകുളം മറൈൻ ഡ്രൈവിൽ പാലക്കാട് സ്വദേശി മുത്തുവിന്റെ 
നേതൃത്വത്തിലുള്ള സംഘം വിൽപ്പനയ-്ക്ക് ഒരുക്കിയ പുൽക്കൂടുകൾ

avatar
നിധിൻ രാജു

Published on Dec 15, 2025, 01:12 AM | 1 min read

കൊച്ചി
ക്രിസ്‌മസ്‌കാലത്തെ പുൽക്കൂട്‌ കച്ചവടമാണ്‌ മുത്തുവിന്റെയും അച്ഛൻ വേലുസ്വാമിയുടെയും ജീവിതപ്പച്ച. ഫൈബറിലും മള്‍ട്ടിവുഡിലും ലോഹത്തിലും പ്ലാസ്റ്റിക്കിലുമൊക്കെയുള്ള ‘വെറൈറ്റി’ പ‍ുൽക്കൂടുകൾ വിപണി പിടിക്കുമ്പോൾ, പരമ്പരാഗതമായ ഇ‍ൗറ്റയിലുള്ള ‘പ്രകൃതിസ‍ൗഹൃദ’ പുൽക്കൂടുകളാണ്‌ ഇവർ വിൽപ്പനയ്‌ക്കൊരുക്കുന്നത്‌. ഇത്തരം പുൽക്കൂടിന്‌ ആവശ്യക്കാരേറെയാണ്‌. പാലക്കാട്‌ അതിർത്തിഗ്രാമമായ പുതുശേരിയിൽനിന്ന്‌ കഴിഞ്ഞ 16 വർഷമായി ഇവർ കച്ചവടത്തിനായി കൊച്ചിയിലെത്തുന്നുണ്ട്‌. പ്രാദേശികമായി ശേഖരിക്കുന്ന കല്ലുമുളകളുമായി 2009ലാണ്‌ അമ്പത്തഞ്ചുകാരനായ വേലുസ്വാമി ആദ്യമായി കൊച്ചിയിലെത്തിയത്‌. പിന്നീട്‌ മകൻ മുത്തുവും ഒപ്പംകൂടി. നാട്ടിൽ, ഇ‍ൗറ്റകൊണ്ടുള്ള പച്ചക്കറിക്കൊട്ട നിർമിക്കുന്ന വേലുസ്വാമിക്കും കുടുംബത്തിനും ക്രിസ്‌മസ്‌കാലം ‘നല്ല’കാലമാണ്‌. തലമുറകളായി കൈമാറിയ കൈത്തൊഴിലാണ്‌ കുട്ടനെയ്‌ത്തെങ്കിലും, ആ കൈവിരുതിൽ പിറക്കുന്ന വിസ്‌മയമാണ്‌ പുൽക്കൂടുകൾ. ഇ‍ൗറ്റ കീറി, ചീകിയൊതുക്കി ചട്ടവും വൈക്കോൽകൊണ്ട്‌ മേൽക്കൂരയും നിർമിക്കും. വലിപ്പത്തിനനുസരിച്ച്‌ 250, 350, 450, 850 എന്നിങ്ങനെയാണ്‌ വില. ഇ‍ൗറ്റകൊണ്ടുള്ള നക്ഷത്രങ്ങളും ഇവർ നിർമിക്കുന്നുണ്ട്‌. രണ്ടടിയുടേതിന്‌ 250 രൂപയും മൂന്നടിയുടേതിന്‌ 400 രൂപയും നൽകണം. കഴിഞ്ഞ മൂന്നിനാണ്‌ കൊച്ചിയിലെത്തിയത്‌. എറണാകുളം ഷൺമുഖം റോഡിൽ മറൈൻഡ്രൈവ്‌ മൈതാനത്തിന്‌ എതിർവശം നടപ്പാതയിലാണ്‌ നിർമാണവും വിൽപ്പനയും. ക്രിസ്‌മസിനോടടുത്ത ഒരാഴ്‌ച കച്ചവടം വർധിക്കുമെന്നാണ്‌ ഇവരുടെ പ്രതീക്ഷ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home