ആശാൻ കളരിയിൽ ആദ്യക്ഷരംകുറിച്ച് കുരുന്നുകൾ

കഞ്ഞിക്കുഴി പഞ്ചായത്ത് പതിനഞ്ചാം വാർഡിൽ പുരുഷനാശാൻ സ്മാരക ആശാൻ കളരിയിൽ എഴുത്തിനിരുത്ത് ചടങ്ങിൽ കുരുന്നുകൾക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. സന്തോഷ് കുമാർ ആദ്യാക്ഷരം പകർന്നു കൊടുക്കുന്നു
കഞ്ഞിക്കുഴി
വിദ്യാരംഭ ദിനത്തിൽ പരമ്പരാഗത ആശാൻ കളരിയിൽ ആദ്യക്ഷരം കുറിക്കാൻ കുരുന്നുകളെത്തി. കഞ്ഞിക്കുഴി പഞ്ചായത്ത് പതിനഞ്ചാം വാർഡിൽ പുരുഷനാശാൻ സ്മാരക ആശാൻ കളരിയിൽ എഴുത്തിനിരുത്ത് ചടങ്ങിൽ കുരുന്നുകൾക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. എം സന്തോഷ് കുമാർ ആദ്യക്ഷരം പകർന്നു. ഗംഗാ വായനശാലയുമായി ചേർന്നാണ് ചടങ്ങ് സംഘടിപ്പിച്ചത്. പ്രത്യേകം തയ്യാറാക്കിയ പനയോലയിൽ നാരായം ഉപയോഗിച്ച് ഹരിശ്രീ എഴുതിയത് കുഞ്ഞുങ്ങൾക്ക് സമ്മാനമായി നൽകി.
ഗംഗാ വായനശാല ഭാരവാഹികളായ കെ എം ദേവദത്ത്, വി സൈനു മോൻ , കെ ആർ സുഖലാൽ, കെ ആർ സുരേഷ്, സുരേഷ് പുത്തൂർവെളി, അനീഷ് ചിറയിൽ, പി എസ് പ്രകാശൻ, ആർ അർജുനൻ , പ്രതീഷ് ദാസ് എന്നിവർ നേതൃത്വം നൽകി.
നിരവധി പേർക്ക് ആദ്യക്ഷരം പകർന്ന പുത്തൂർവെളി പുരുഷനാശാന്റെ സ്മരണാർഥം ഇപ്പോഴും പരമ്പരാഗ രീതിയിൽ കളരിയെ സംരക്ഷിക്കുന്നത് മകൻ സുരേഷാണ്. വർഷങ്ങൾ പഴക്കമുള്ള നാരായം നിധിപോലെ ഇവിടെ സൂക്ഷിക്കുന്നുണ്ട്.
പനയോല പ്രത്യേകമായ രീതിയിൽ തയ്യാറാക്കി എഴുത്തോലയാക്കി അതിൽ നാരായം ഉപയോഗിച്ചാണ് അക്ഷരം എഴുതുന്നത്. കെ വി ദയാൽ തയ്യാറാക്കിയ പ്രത്യേക യോഗാ പരിശീലനവും നടന്നു.








0 comments