ചെലവ് 101.2 കോടി
ചെട്ടികാട് മൾട്ടി സ-്പെഷ്യാലിറ്റി ആശുപത്രി ഉയരുന്നു

നിർമാണം പുരോഗമിക്കുന്ന ചെട്ടികാട് ആശുപത്രി
കെ എസ് ലാലിച്ചൻ
Published on Jul 17, 2025, 01:08 PM | 2 min read
മാരാരിക്കുളം
തീരദേശ ജനതയ്‌ക്ക് എൽഡിഎഫ് സർക്കാരിന്റെ കരുതലായി ചെട്ടികാട് 101.2 കോടിയുടെ മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രി ഉയരുന്നു. ഏറ്റവും വലിയ കിഫ്‌ബി പദ്ധതികളിൽ ഒന്നായ ഇത് ജില്ലയിലെ തീരദേശത്തെ ഏക മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിയാകും. കേന്ദ്രപൊതുമേഖല സ്ഥാപനമായ ഹൈറ്റ്സിന്റെ മേൽനോട്ടത്തിൽ 1.30 ലക്ഷം ചതുരശ്ര അടിയിലാണ് ആശുപത്രി. ഐസിയു അടക്കം 147 കിടക്കയും 10 ഒപി കേന്ദ്രങ്ങളും അഞ്ച് ശസ്‌ത്രക്രിയ തിയറ്ററുകളും അഞ്ചുനിലസമുച്ചയത്തിലുണ്ടാകും. ഡയാലിസിസ്, അസ്ഥി വിഭാഗം, സ്ത്രീകളുടെയും കുട്ടികളുടെയും വിഭാഗം തുടങ്ങിയവയുമുണ്ട്. കൂട്ടിരിപ്പുകാർക്കായി വിശ്രമകേന്ദ്രം, പാർക്കിങ് ഏരിയ, പൂന്തോട്ടം എന്നിവയും ഒരുക്കും. സ്വകാര്യ ആശുപത്രികളോട് കിടപിടിക്കാവുന്ന സർക്കാർ താലൂക്ക് ആശുപത്രിയാണ് ലക്ഷ്യം. 17 കുടുംബങ്ങൾക്ക് സ്ഥലത്തിന്റെയും വീടിന്റെയും പണംനൽകി ആശുപത്രിക്കായി ആര്യാട് ബ്ലോക്ക് മൂന്നേക്കർ ഏറ്റെടുത്തിരുന്നു. പുതിയ റോഡിനായി ഏഴുമീറ്റർ വീതിയിൽ സ്ഥലം ഏറ്റെടുത്തുതുടങ്ങി. ആദ്യം ഉച്ചവരെയായിരുന്നു ഇവിടെ ചികിത്സ. പിന്നീട് കിടത്തി ചികിത്സയുമായി. തീരദേശ വാസികൾക്ക് കുറഞ്ഞചെലവിൽ മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കണമെന്ന ആഗ്രഹത്തിലാണ് മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിയെന്ന ആശയം ടി എം തോമസ് ഐസക് മന്ത്രിയായിരിക്കെ മുന്നോട്ടുവച്ചത്. പണം അനുവദിച്ച് നിർമാണം ഉദ്ഘാടനംചെയ്തെങ്കിലും തീരദേശ പരിപാലനനിയമത്തിന്റെ നൂലാമാലകളിൽപ്പെട്ട് വൈകി. പി പി ചിത്തരഞ്ജൻ എംഎൽഎ ഇടപെട്ട് തടസങ്ങളെല്ലാം നീക്കുകയായിരുന്നു. ഇപ്പോൾ 44 ശതമാനം നിർമാണം പൂർത്തിയായതായി ആശുപത്രി സൂപ്രണ്ട് ഡോ. വിപിൻ കെ രവി പറഞ്ഞു. ആര്യാട് ബ്ലോക്ക് പഞ്ചായത്തിന്റെയും മാരാരിക്കുളം തെക്ക് പഞ്ചായത്തിന്റെയും സഹായങ്ങൾ ലഭിക്കുന്നുണ്ട്. കഴിഞ്ഞദിവസവും പി പി ചിത്തരഞ്ജൻ എംഎൽഎയുടെ സാന്നിധ്യത്തിൽ യോഗം ചേർന്ന് നിർമാണപുരോഗതി വിലയിരുത്തി. 2026 ജനുവരിയിൽ നിർമാണം പൂർത്തിയാകും. നിർമാണം വേഗമാക്കാൻ എംഎൽഎയുടെ നിർദേശം ചെട്ടികാട് ആശുപത്രിയുടെ നിർമാണ പ്രവർത്തനങ്ങൾ വേഗത്തിൽ പൂർത്തീകരിക്കാൻ നിർദേശം സമർപ്പിച്ചതായി പി പി ചിത്തരഞ്ജൻ എംഎൽഎ പറഞ്ഞു. ആരോഗ്യ മന്ത്രിയുടെ സാന്നിധ്യത്തിൽ ഉന്നത ഉദ്യോഗസ്ഥരുടെ വിപുല യോഗം വിളിക്കണമെന്ന് മന്ത്രിയ്ക്ക് കത്തുനൽകി. നിലവിലുള്ള പ്രശ്നങ്ങൾ മന്ത്രിയുടെ ശ്രദ്ധയിൽകൊണ്ടുവന്ന് ഉടൻ പരിഹരിക്കും. ചെട്ടികാട് ആശുപത്രിയിൽ പ്രതിദിനം ശരാശരി 550 –- 600 വരെ രോഗികൾ ഒ പിയിലെത്തുന്നുണ്ട്. സൗകര്യങ്ങൾ കൂടുതൽ വർധിക്കണം. ജനപ്രതിനിധി എന്ന നിലയിൽ നിരന്തരം ഇടപെടുന്നുണ്ട്. ചെട്ടികാട് ആശുപത്രി സന്ദർശിച്ച് നിർമാണ പുരോഗതി വിലയിരുത്തിയതായും എം എൽ എ പറഞ്ഞു.









0 comments