ചേർത്തല നഗരസഭ അതിദാരിദ്ര്യമുക്തം

ചേർത്തല നഗരസഭയെ സമ്പൂർണ അതിദാരിദ്ര്യമുക്തമായി അധ്യക്ഷ ഷേർളി ഭാർഗവൻ പ്രഖ്യാപിക്കുന്നു

സ്വന്തം ലേഖകൻ
Published on Oct 25, 2025, 12:39 AM | 1 min read
ചേർത്തല
ആസൂത്രിത കർമപദ്ധതിയിലൂടെ ചേർത്തല നഗരസഭയെ സന്പൂർണ അതിദാരിദ്ര്യമുക്തമായി പ്രഖ്യാപിച്ചു. സർവേയിൽ 71 കുടുംബങ്ങളെയാണ് അതിദരിദ്രരായി നഗരസഭ കണ്ടെത്തിയത്. ശേഷിക്കുന്ന 64 പേർക്കായാണ് സൂക്ഷ്‌മതല പദ്ധതി തയ്യാറാക്കി പദ്ധതി സമയബന്ധിതമായി നടപ്പാക്കിയത്. അവശ്യരേഖകൾ ഇല്ലാതിരുന്ന ആറുപേർക്ക് ആധാർ, റേഷൻകാർഡ്, വോട്ടർ ഐഡി, ബാങ്ക് അക്കൗണ്ട് എന്നിവ നഗരസഭയുടെ ഇടപെടലിൽ നൽകി. തനിയെ ഭക്ഷണം തയ്യാറാക്കാൻ സാധിക്കാത്ത നാല് ഗുണഭോക്താക്കൾക്ക് പാകംചെയ്‌ത ഭക്ഷണം നഗരസഭ ഉറപ്പാക്കി. എല്ലാവർക്കും ഭക്ഷ്യക്കിറ്റും നൽകി. വരുമാനമാർഗമില്ലാത്ത 20 ഗുണഭോക്താക്കൾക്ക് കുടുംബശ്രീയുടെ ഉജ്ജീവനം പദ്ധതിയിൽ ലോട്ടറിത്തട്ടും ലോട്ടറിയും, തയ്യൽമെഷീൻ, പലചരക്കുകട തുടങ്ങിയവ നൽകി. 48 പേർക്ക് മരുന്ന് ഉറപ്പാക്കി. സർക്കാർ സംവിധാനം മുഖേന മരുന്ന് ലഭിക്കാത്ത 11 ഗുണഭോക്താക്കൾക്ക് മാസംതോറും നഗരസഭ മരുന്ന് വാങ്ങിനൽകി. സ്വന്തമായി ഭൂമിയില്ലാത്ത നാല് ഗുണഭോക്താക്കൾക്ക് സ്ഥലംവാങ്ങി നൽകുകയും അവരുൾപ്പടെ 19 പേർക്ക് വീടിന് ആനുകൂല്യം നൽകുകയുംചെയ്‌തു. ഭവനപുനരുദ്ധാരണം ആവശ്യമായ 19 പേരെയും പട്ടികയിൽ ഉൾപ്പെടുത്തി ആനുകൂല്യം ലഭ്യമാക്കി. അതിദരിദ്ര കുടുംബങ്ങളിലെ കുട്ടികൾക്ക് പഠനസാമഗ്രികളും ഓണക്കാലത്ത് കുടുംബാംഗങ്ങൾക്ക് ഓണക്കോടിയും എത്തിച്ചു. വൈദ്യുതിയും കുടിവെള്ളവും എത്തിച്ചു. ഇൗ പദ്ധതികൾ പൂർത്തിയാക്കിയതോടെയാണ് നഗരസഭയെ സമ്പൂർണ അതിദാരിദ്ര്യമുക്തമായി അധ്യക്ഷ ഷേർളി ഭാർഗവൻ പ്രഖ്യാപിച്ചത്. പദ്ധതി വിജയമാക്കാൻ പ്രയത-്‌നിച്ച നഗരസഭാ ജീവനക്കാരി സീനിയർ ഗ്രേഡ് ജെപിഎച്ച്എൻ എസ് എസ് സീനയെ അഭിനന്ദിച്ചു. വൈസ് ചെയർമാൻ ടി എസ് അജയകുമാർ അധ്യക്ഷനായി. സെക്രട്ടറി ടി കെ സുജിത്ത് റിപ്പോർട്ട് അവതരിപ്പിച്ചു. സ്ഥിരംസമിതി അധ്യക്ഷരായ ജി രഞ്‌ജിത്ത്, ശോഭ ജോഷി, മധുരി സാബു, ഏലിക്കുട്ടി ജോൺ, എ എസ് സാബു, കൗൺസിലർമാരായ പി ഉണ്ണികൃഷ്‌ണൻ, ഷീജ സന്തോഷ്, പ്രോജക-്‌ട് ഓഫീസർ പി ഡി സ്‌റ്റാലിൻ ജോസ് എന്നിവർ സംസാരിച്ചു.










0 comments