ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി
തണ്ണീർമുക്കം ബണ്ടിൽ അറ്റകുറ്റപ്പണി തുടങ്ങി

ചേർത്തല
തണ്ണീർമുക്കം ബണ്ടിൽ റോഡ് അറ്റകുറ്റപ്പണി തുടങ്ങി. കുഴികൾ താൽക്കാലികമായി അടച്ച് ഗതാഗതയോഗ്യമാക്കുന്ന പ്രവൃത്തിയാണ് ആരംഭിച്ചത്. വാഹനഗതാഗത നിയന്ത്രണവും ഏർപ്പെടുത്തി. ഒരുവശം വഴിയാണ് വാഹനങ്ങൾ കടത്തിവിടുന്നത്. റോഡ് തകർന്നതിലൂടെ രൂപപ്പെട്ട മണിക്കൂറുകൾ നീളുന്ന ഗതാഗതക്കുരുക്ക് "ദേശാഭിമാനി' ഉൾപ്പെടെ റിപ്പോർട്ടുചെയ്‌ത സാഹചര്യത്തിൽ പി പ്രസാദ് എംഎൽഎയുടെ ഇടപെടലിലാണ് നടപടി. 2025 അവസാനം പി പ്രസാദിന്റെ ഇടപെടലിൽ റോഡ് പുനർനിർമിക്കാൻ 1.4 കോടി രൂപയും തകർന്ന കൈവരികൾ പുനർനിർമിക്കാനും ഇതര സിവിൽ ജോലികൾക്കുമായി 1.38 കോടിയും മുൻസർക്കാർ അനുവദിച്ച് ടെൻഡർ ചെയ്‌തിരുന്നു. ഉൾനാടൻ ജലഗതാഗതവകുപ്പിന് നിർമാണച്ചുമതല ഉണ്ടായിരുന്ന കൈവരി നിർമാണം പുരോഗമിക്കുന്നു. റോഡിന്റെ നിർമാണച്ചുമതലയുള്ള വൻകിട ജലസേചനവകുപ്പ് കരാർ ക്ഷണിച്ചെങ്കിലും നാലുതവണയും ആരും കരാറെടുത്തില്ല. അതിനാലാണ് റോഡ് നിർമാണം പ്രതിസന്ധിയിലായത്. ഇതിനകം കരാറുകാരൻ പ്രവൃത്തി ഏറ്റെടുത്തെന്നും നടപടിക്രമങ്ങൾ അതിവേഗം പൂർത്തിയാക്കി ബിറ്റുമിനസ് കോൺക്രീറ്റ് വിരിക്കുന്ന പ്രവൃത്തി തുടങ്ങുമെന്നും പി പ്രസാദ് എംഎൽഎ അറിയിച്ചു. റോഡ് തകർന്നിട്ട് രണ്ടുമാസത്തിലധികമായി. ബണ്ടിന്റെ മധ്യഭാഗത്ത് അടക്കം റോഡിൽ വലിയ ഗർത്തങ്ങൾ രൂപപ്പെട്ടു. ഇതുമൂലമാണ് വലിയ ഗതാഗതക്കുരുക്ക് ഉണ്ടായത്. ഓണക്കാലത്ത് കടുത്ത യാത്രാദുരിതം സൃഷ്‌ടിച്ചിരുന്നു. മഴ തുടങ്ങിയതോടെ വെള്ളം നിറഞ്ഞ കുഴികളിൽ പേരിന് ടാറിങ് നടത്തി. ഇത് ഇളകി വീണ്ടും കുഴികൾ രൂപംകൊണ്ടിരുന്നു.










0 comments