ad
Deshabhimani

കോൺക്രീറ്റ് പാളികളും സീലിങ്ങും താഴെവീഴുന്നു

തലയ്‌ക്കുമീതെ അപകടവുമായി ചെങ്ങന്നൂർ നഗരസഭാ ഓഫീസ്

നഗരസഭ ഓഫീസിന്റെ മേൽക്കൂരയിലെ സിമിന്റ് പാളികൾ  അടർന്നുവീണ നിലയിൽ

നഗരസഭ ഓഫീസിന്റെ മേൽക്കൂരയിലെ സിമിന്റ് പാളികൾ അടർന്നുവീണ നിലയിൽ

വെബ് ഡെസ്ക്

Published on Jun 13, 2026, 12:42 AM | 1 min read

ചെങ്ങന്നൂർ

ചെങ്ങന്നൂർ നഗരസഭാ ഓഫീസ് കെട്ടിടം അപകടഭീഷണയിൽ. മേൽക്കൂരയിലെ കോൺക്രീറ്റ് അടർന്നുവീണ് കൗൺസിൽ ഹാളിലെ ഫാൾസ് സീലിങ് തകർന്ന് താഴെ പതിച്ചു. ഹാളിൽ ആളില്ലാത്തതിനാല്‍ വലിയ അപകടം ഒഴിവായി. മേല്‍ക്കൂര തകര്‍ന്നതോടെ കൗൺസിൽ യോഗം ചേരുന്നത് ചെയർമാന്റെ മുറിയിലേക്ക് മാറ്റി. 2002 മുതൽ നഗരസഭ ഭരിക്കുന്ന യുഡിഎഫ് നേതൃത്വത്തിലുള്ള നഗരസഭാ കൗൺസിലുകൾ ഒരിക്കൽ പോലും കെട്ടിടം ബലപ്പെടുത്തിട്ടില്ല. അനാസ്ഥയ്‌ക്കെതിരെ പ്രതിഷേധം ശക്തമാണ്. ​കാൽനൂറ്റാണ്ടായി നഗരസഭാ ഓഫീസ് പ്രവർത്തിക്കുന്നത് നഗരസഭാ ബസ് സ്‌റ്റാൻഡ് ഷോപ്പിങ് കോംപ്ക്‌സിലെ ഒന്ന്, രണ്ട് നിലകളാണ്. കാലപ്പഴക്കത്താല്‍ കെട്ടിടം തകർച്ചഭീഷണിലാണ്. മേൽക്കൂരയിൽനിന്ന്‌ അടർന്നുവീഴുന്ന കോൺക്രീറ്റ് പാളികളും തുരുമ്പെടുത്ത കമ്പികളും തകരാറായ തൂണുകളും കെട്ടിടത്തിന്റെ ജീർണാവസ്ഥ എടുത്തുകാണിക്കുന്നു. 2002 ലാണ് നഗരസഭാ പ്രവര്‍ത്തനം കെട്ടിടത്തിലേക്ക് മാറ്റിയത്. 1987 മുതൽ നിർമാണം പലതവണ തടസപ്പെട്ട കെട്ടിടത്തിന്റെ ബലത്തെ സംബന്ധിച്ച് ആദ്യകാലത്തുതന്നെ സംശയം ഉയർന്നിരുന്നു. ഓഫീസിന് മുകളിൽ സ്ഥാപിച്ച സൈറൺ പ്രവർത്തിക്കുമ്പോൾ കെട്ടിടത്തില്‍ ഇളക്കം അനുഭവപ്പെട്ടതോടെ സൈറന്റെ പ്രവർത്തനംതന്നെ ഉപേക്ഷിച്ചിരുന്നു. ​ഇടയ്‌ക്കിടെ ഓഫീസിന്റെ മേൽക്കൂരയിലെ കോൺക്രീറ്റ് അടർന്നുവീഴുന്നത് പതിവാണ്. 2019 ൽ റവന്യൂ സെക്ഷൻ ഓഫീസിന് മുകളിലെ കോൺക്രീറ്റ് ഭാഗം വലിയ തോതിൽ വീണതതോടെ കോൺഫറൻസ് ഹാളിൽ അപകടം തടയാന്‍ ഇരുമ്പുകമ്പി കെട്ടി ബലപ്പെടുത്തിരുന്നു. മന്ത്രിമാർ പങ്കെടുക്കുന്ന അവലോകനയോഗങ്ങളടക്കം പൊതുപരിപാടികൾ ഹാളിലാണ് നടന്നിരുന്നത്. മേൽക്കൂരയില്‍നിന്ന് കോൺക്രീറ്റ് പാളികൾ അടർന്നുവീഴുന്നത് പതിവായതോടെ ഓഫീസ് ജീവനക്കാരും നഗരസഭയിൽ എത്തുന്ന പൊതുജനങ്ങളും ഭീതിയിലാണ്. താഴത്തെ നിലയിലെ വ്യാപാരസ്ഥാപനങ്ങളിലെ ജീവനക്കാരും ബസ് സ്‌റ്റാൻഡിൽ എത്തുന്ന യാത്രക്കാരും ഭീതിയിലാണ്. കെട്ടിടത്തിന്റെ ദയനീയവന്ഥ മനസിലാക്കി നഗരസഭാ ബജറ്റിന്റെ പുറംചട്ടയിൽനിന്ന് ഓഫീസിന്റെ ചിത്രം ഭരണസമിതി ഇത്തവണ ഒഴിവാക്കിരുന്നു. സീലിങ്ങിന്റെ തകർച്ചയോടെ ഓഫീസ് പ്രവർത്തനം ജൂലൈ ഒന്നുമുതൽ ശാസ്‌താംപുറം മാർക്കറ്റ് ഷോപ്പിങ് കോംപ്ക്‌സിലേക്ക് മാറ്റാൻ കഴിഞ്ഞദിവസം ചേർന്ന കൗൺസിൽ തീരുമാനിച്ചിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home